തെരുവുനായ കുറുകെച്ചാടി; കാർ നിയന്ത്രണംവിട്ട് തെരുവുവിളക്കിൽ ഇടിച്ചുനിന്നു
1454014
Wednesday, September 18, 2024 3:30 AM IST
കാക്കനാട്: തെരുവുനായ കുറുകെച്ചാടിയതിനെ തുടർന്ന് നിയന്ത്രണംവിട്ട കാർ തെരുവുവിളക്കിൽ ഇടിച്ചുനിന്നു. സീപോർട്ട്-എയർപോർട്ട് റോഡിൽ തൃക്കാക്കര നഗരസഭയുടെ മാലിന്യശേഖരണ കേന്ദ്രത്തിനു സമീപമായിരുന്നു സംഭവം.
ആലപ്പുഴ ഭാഗത്തുനിന്ന് ആലുവയിലേക്ക് വരികയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ ഒടിഞ്ഞ പോസ്റ്റ് കാറിന്റെ എൻജിന്റെ ഭാഗത്ത് തുളഞ്ഞുകയറി. ഏറെ നേരത്തെ ശ്രമത്തിനൊടുവിലാണ് പോസ്റ്റ് ഊരി മാറ്റാനായത്.
മാലിന്യശേഖരണ കേന്ദ്രത്തിനു സമീപത്തായി തെരുവുനായകൾ തമ്പടിക്കുന്നത് ഇരുചക്ര വാഹനയാത്രികർക്കും കാൽനടയാത്രികർക്കും ഭീഷണിയായി മാറിയിരിക്കുകയാണ്.