പ്ലൈവുഡ് ഫാക്ടറിക്കു മുന്നിൽ പ്രതിഷേധ സമരം നടത്തി
1451300
Saturday, September 7, 2024 3:55 AM IST
മൂവാറ്റുപുഴ: ആയവന പഞ്ചായത്തിലെ പത്താം വാർഡ് മരുതൂരിൽ ആരംഭിക്കുന്ന പ്ലൈവുഡ് ഫാക്ടറിയുടെ നിർമാണ പ്രവർത്തനങ്ങൾ നിർത്തിവയ്ക്കുക, പഞ്ചായത്തിലെ തണ്ണീർത്തടം മണ്ണിട്ടു നികത്തുന്നത് അവസാനിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് ബിജെപി ആയവന പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫാക്ടറിക്ക് മുന്നിലേക്ക് പ്രതിഷേധ സമരം നടത്തി.
ഫാക്ടറി പരിസരത്തുനിന്ന് ആരംഭിച്ച പ്രതിഷേധ ജാഥ കന്പനിക്ക് മുന്നിൽ പോലീസ് തടഞ്ഞു. തുടർന്ന് നടന്ന പ്രതിഷേധ സമരം ബിജെപി സംസ്ഥാന വക്താവ് ടി.പി. സിന്ധുമോൾ ഉദ്ഘാടനം ചെയ്തു.
മാസങ്ങളായി നിർമാണം നടന്നുകൊണ്ടിരിക്കുന്ന കന്പനിക്കെതിരെ പ്രദേശവാസികളുടെ പ്രതിഷേധം ശക്തമാണ്. പഞ്ചായത്ത് ഓഫീസിനു മുന്നിലും ബിജെപി പ്രവർത്തകർ കഴിഞ്ഞ ദിവസങ്ങളിൽ സമരം നടത്തിയിരുന്നു.
എൽഡിഎഫും യുഡിഎഫും വിഷയത്തിൽ യാതൊന്നും ചെയ്യുന്നില്ലെന്നും ബിജെപി ആരോപിച്ചു. സ്ത്രീകൾ അടക്കമുള്ള നിരവധി പ്രവർത്തകരാണ് സമരത്തിൽ പങ്കെടുത്തത്. ബിജെപി ആയവന പഞ്ചായത്ത് പ്രസിഡന്റ് ബിനുകുമാർ പ്രതിഷേധ മാർച്ചിൽ അധ്യക്ഷത വഹിച്ചു.