പൈങ്ങോട്ടൂര്‍-കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണം
1450745
Thursday, September 5, 2024 4:10 AM IST
പോത്താനിക്കാട്: പൈങ്ങോട്ടൂര്‍-കാവുംപാറ-പിട്ടാപ്പിള്ളിക്കവല റോഡ് സഞ്ചാരയോഗ്യമാക്കണമെന്ന ആവശ്യമുയരുന്നു. കക്കടാശേരി - കാളിയാര്‍ റോഡിനു സമാന്തരമായി ഒന്നരകിലോമീറ്റര്‍ നീളമുള്ള ഗ്രാമീണ റോഡാണിത്.
പൈങ്ങോട്ടൂര്‍ പഞ്ചായത്തിലെ ഏറ്റവും പഴക്കമുള്ള ഈ റോഡിന്റെ കാവുംപാറ ചെക്ക്ഡാം മുതല്‍ ആര്‍പിഎസ് കവല വരെയുള്ള ഭാഗമാണ് കുണ്ടും കുഴിയുമായി തകര്‍ന്നു കിടക്കുന്നത്. ആര്‍പിഎസ് കവല മുതല്‍ പിട്ടാപ്പിള്ളിക്കവല വരെയുള്ള 750 മീറ്റര്‍ ഭാഗം സമീപകാലത്ത് റീടാര്‍ ചെയ്തിരുന്നു. ബാക്കിയുള്ള 750 മീറ്റര്‍ ഭാഗം കഴിഞ്ഞ അഞ്ചുവര്‍ഷമായി അറ്റകുറ്റപ്പണികള്‍ ഒന്നും ചെയ്യാത്തതുമൂലം കാല്‍നടയാത്ര പോലും ദുഷ്കരമായിരിക്കുകയാണ്.
ദിവസേന ചെറുതും വലുതുമായ നൂറുകണക്കിന് വാഹനങ്ങള്‍ സഞ്ചരിക്കുന്ന ഈ റോഡ് എത്രയും വേഗം നന്നാക്കാത്തപക്ഷം പ്രത്യക്ഷ സമരപരിപാടികള്‍ ആരംഭിക്കുമെന്ന് നാട്ടുകാര്‍ പറഞ്ഞു.