കൊച്ചി: വില്പനയ്ക്കെത്തിച്ച 20.73 ഗ്രാം എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ മുച്ചേത്ത് വീട്ടില്‍ അജ്മല്‍ (മെഹന്ദി അജ്മല്‍ -35)നെയാണ് ഡാന്‍സാഫ് എസ്ഐ എന്‍. ആഷിഖിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
കളമശേരിയിലെ ലോഡ്ജില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. നിരവധി എന്‍ഡിപിഎസ് കേസുകളില്‍ പ്രതിയാണ്. ലഹരി മരുന്ന് വിറ്റുകിട്ടുന്ന പണം ഉപയോഗിച്ച് ഇയാള്‍ ആര്‍ഭാട ജീവിതം നയിച്ചുവരികയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. മുമ്പ് പുക്കാട്ടുപടിയില്‍ മെഹന്ദി എന്ന പേരില്‍ ഹോട്ടല്‍ ബിസിനസ് നടത്തിയിരുന്ന പ്രതി പിന്നീട് ലഹരി വില്പനയിലേക്ക് തിരിയുകയായിരുന്നു. എളമക്കര പോലീസ് എന്‍ഡിപിഎസ് കേസില്‍ അറസ്റ്റു ചെയ്ത മോഡല്‍ അല്‍ക്ക ബോണിയുടെ ഡയറിയില്‍ പരാമര്‍ശിച്ചിരുന്ന "ഇക്ക' എന്നയാള്‍ അജ്മലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഡാന്‍സാഫ് ടീം അജ്മലിനെ കളമശേരി പോലീസിനു കൈമാറി. പ്രതിയെ റിമാന്‍ഡ് ചെയ്തു.