കൊച്ചിക്ക് സംരക്ഷണം തീര്‍ക്കാന്‍ ലോക്കല്‍ ഏരിയ പ്ലാന്‍
1442474
Tuesday, August 6, 2024 7:14 AM IST
കൊച്ചി: സംസ്ഥാനം അഭിമുഖീകരിക്കുന്ന പ്രകൃതി ദുരന്തങ്ങളുടെ പശ്ചാത്തലത്തില്‍ കൊച്ചി നഗരത്തെ സംരക്ഷിക്കാന്‍ രാജ്യത്തെ ആദ്യ ലോക്കല്‍ ഏരിയ പ്ലാനുമായി കൊച്ചി കോര്പറേഷന്.
കേന്ദ്രസര്‍ക്കാരിന്റെയും കോര്‍പറേഷന്റെയും ഫണ്ട് ഉപയോഗിച്ച് നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ ചുമതല സിഹെഡിനായിരിക്കും. വൈറ്റില കേന്ദ്രീകരിച്ചായിരിക്കും പദ്ധതി നടപ്പാക്കുക.
കാലാവസ്ഥ വ്യതിയാനം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പഠിക്കാനും നേരിടാനും നീക്കിവച്ചിരിക്കുന്ന ഏഴ് കോടിയില്‍ നിന്നും കൊച്ചിക്ക് പണം അനുവദിക്കാന്‍ ധനമന്ത്രിയോട് ആവശ്യപ്പെടാന്‍ ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ തീരുമാനിച്ചു. മാസ്റ്റര്‍ പ്ലാന്‍ അടിസ്ഥാനമാക്കി തയാറാക്കുന്ന ലോക്കല്‍ ഏരിയ പ്ലാനുകള്‍ തയാറാക്കാനും കോര്പ്പറേഷന് ഒരുങ്ങുകയുയാണ്. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ഇന്നത്തെ കൗണ്‍സില്‍ ചര്‍ച്ച ചെയ്യും.
കൊച്ചി നേരിടുന്ന പാരിസ്ഥിതിക, ദുരന്ത വിഷയങ്ങള്‍ അര്‍ബന്‍ കമ്മീഷന്റെ അടുത്ത സിറ്റിംഗില്‍ അവതരിപ്പിക്കുമെന്ന് മേയര്‍ പറഞ്ഞു. പട്ടയത്തിനുള്ള അപേക്ഷകള്‍ ലഭിച്ചയുടന്‍ കൗണ്‍സിലിലേക്ക് നല്കാന് മേയര്‍ നിര്‍ദേശിച്ചു.
ഉദ്യോഗസ്ഥരെ വിശ്വാസം; അഴിമതിക്കെതിരെ വിട്ടുവീഴ്ചയില്ല
അഴിമതിക്കെതിരെ വിട്ടുവീഴ്ചയുണ്ടാകില്ലെന്ന് മേയര്‍. ഉദ്യോഗസ്ഥരെ വിശ്വാസമാണ്. എന്നാല്‍ കൈക്കൂലിയുമായി ബന്ധപ്പെട്ട് പരാതികള്‍ ഉയരുന്നുണ്ട്. ഇവ വിട്ടുവീഴ്ചയില്ലാതെ വിജിലന്‍സിന് കൈമാറും. സോണല്‍ ഓഫീസുകളില്‍ കണ്‍സൾട്ടന്റുമാര്‍ക്ക് ഇടം നല്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും മേയര്‍ മുന്നറിയിപ്പ് നല്കി.
വികേന്ദ്രീകൃത മാലിന്യ സംസ്കരണമാണ് വേണ്ടത്. മാലിന്യ സംസ്കരണ രംഗത്ത് വലിയമാറ്റം കൊണ്ടുവരാനാണ് കോര്പറേഷന് ശ്രമിക്കുന്നത്. ചിലര്‍ അത് പൊളിക്കാന്‍ നീക്കം നടത്തുന്നതായും മേയര്‍ ആരോപിച്ചു.
വയനാടിന് കൊച്ചിയുടെ ഒരു കോടി സഹായം
കൊച്ചി: വയനാടിന് ഒരു കോടി രൂപയുടെ സാമ്പത്തിക സഹായം പ്രഖ്യാപിച്ച് കൊച്ചി കോര്പറേഷന്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കോടി രൂപയുടെ സഹായം നല്കാന് ഇന്നലെ ചേര്‍ന്ന കൗണ്‍സില്‍ യോഗത്തില്‍ തീരുമാനമായി.
കൗണ്‍സിലര്‍മാരുടെ ഒരു മാസത്തെ ഓണറേറിയവും തനത് ഫണ്ടില്‍ നിന്നും ഉള്‍പ്പെടെയാണ് ഒരുകോടി രൂപ കൈമാറുന്നത്. തന്റെ ഒരു വര്‍ഷത്തെ ഓണറേറിയം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുമെന്ന് കൗണ്‍സിലര്‍ എം.എച്ച്.എം അഷ്റഫ് കൗണ്‍സിലില്‍ അറിയിച്ചു.