വടാട്ടുപാറ-ഇടമലയാർ റോഡിൽ ചപ്പാത്തിനു പകരം കലുങ്കുകൾ
1438077
Monday, July 22, 2024 3:45 AM IST
കോതമംഗലം: വടാട്ടുപാറ-ഇടമലയാർ റോഡിൽ മൂന്ന് കലുങ്കുകൾ നിർമിക്കുവാൻ 35 ലക്ഷം അനുവദിച്ചതായി ആന്റണി ജോണ് എംഎൽഎ അറിയിച്ചു. നിലവിൽ ഈ റോഡിൽ പലവൻപടിക്കും ഇടമലയാർ റോഡിനും ഇടയിൽ മൂന്ന് ഇടങ്ങളിലായി പൊതുമരാമത്ത് റോഡിൽ ചപ്പാത്തുകളാണുള്ളത്.
ഇതുമൂലം കാലാവസ്ഥ പ്രതികൂലമായി മാറുന്ന സാഹചര്യത്തിൽ ചപ്പാത്തുകളിൽ വലിയ തോതിൽ വെള്ളംമെത്തുകയും റോഡിലൂടെയുള്ള യാത്ര പൂർണമായും തടസപ്പെടുന്ന സാഹചര്യവുമാണ്.
റോഡിൽ വെള്ളം കയറുന്നതുമൂലം താളുംകണ്ടം, പോങ്ങൻചുവട് എന്നീ ആദിവാസി കുടികളിലേക്കും ഇടമലയാർ ഡാം, പവർ ഹൗസ്, എൽപി സ്കൂൾ, പോസ്റ്റ് ഓഫീസ് എന്നിവിടങ്ങളിലേക്കുള്ള യാത്ര ദുരിതമാകാറുണ്ട്.
പ്രതിസന്ധികൾ തരണം ചെയ്യാനാണ് ചപ്പാത്തുകളുടെ സ്ഥാനത്ത് പുതിയതായി കലുങ്കുകൾ നിർമിക്കുന്നതെന്നും ടെൻഡർ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച് നിർമാണം ഉടൻ ആരംഭിക്കുമെന്നും എംഎൽഎ അറിയിച്ചു.