സ്കൂൾ മുറ്റത്തെ ഇടിമിന്നലേറ്റ മരം ഉടൻ വെട്ടിമാറ്റണമെന്ന്
1437209
Friday, July 19, 2024 4:04 AM IST
പാലക്കുഴ: ഗവ. മോഡൽ ഹൈസ്കൂൾ മുറ്റത്ത് ഇടിമിന്നലേറ്റു നിൽക്കുന്ന നെല്ലിമരം ഉടൻ വെട്ടിമാറ്റണമെന്ന് പാന്പാക്കുട ബ്ലോക്ക് പഞ്ചായത്തംഗം സിബി ജോർജ് ആവശ്യപ്പെട്ടു. രണ്ടു വർഷത്തിലേറെയായി മരം അപകടാവസ്ഥയിൽ സ്കൂൾ മുറ്റത്ത് തുടരുകയാണ്. ഇടിമിന്നലേറ്റതിനെ തുടർന്ന് ഉണങ്ങിയ മരം ഏതു നിമിഷവും നിലംപൊത്താവുന്ന അവസ്ഥയിലാണുള്ളത്.
വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും ഭീഷണിയായി നിൽക്കുന്ന മരം മുറിച്ചു മാറ്റണമെന്ന് അധികൃതരോട് പലവട്ടം ആവശ്യപ്പെട്ടിരുന്നതായി ബ്ലോക്ക് പഞ്ചായത്തംഗം പറഞ്ഞു. അങ്കണവാടി മുതൽ പത്താം ക്ലാസ് വരെയുള്ള വിദ്യാർഥികൾ പഠിക്കുന്ന സ്കൂൾ മുറ്റത്താണ് മരം അപകടാവസ്ഥയിൽ തുടരുന്നത്.
സ്പെഷൽ സ്കൂൾ കുട്ടികളെ പരിശീലിപ്പിക്കുന്ന ബഡ്സ് സ്കൂളും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. ഇതോടൊപ്പം കുട്ടികളും മുതിർന്നവരും സഞ്ചരിക്കുന്ന വഴിയുടെ അരികിലാണ് ജീവിതം തന്നെ ഭീഷണിയായി മരം നിൽക്കുന്നത്.