കസ്റ്റഡിയില്‍നിന്ന് പ്രതി ചാടിപ്പോയ സംഭവം: മൂന്ന് പോലീസുകാര്‍ക്ക് സസ്പെന്ഷന്
1437182
Friday, July 19, 2024 3:28 AM IST
കൊച്ചി: ദളിത് യുവതിയെ ആക്രമിച്ച കേസിലെ പ്രതി പോലീസ് കസ്റ്റഡിയില്‍ നിന്നു ചാടിപ്പോയ സംഭവത്തില്‍ മൂന്ന് പോലീസുകാരെ അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തു. തൃപ്പൂണിത്തുറ ഹില്‍പ്പാലസ് പോലീസ് സ്റ്റേഷനിലെ എഎസ്ഐ സുനില്‍ കുമാര്‍, സിപിഒമാരായ അനൂപ്, ശരത്ലാല് എന്നിവരെയാണ് കൊച്ചി സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാം സുന്ദര്‍ സസ്പെന്‍ഡ് ചെയ്തത്.
പ്രതി എരൂര്‍ സ്വദേശി ജോബി അഗസ്റ്റിനാണ് കസ്റ്റഡയിൽ നിന്നു രക്ഷപ്പെട്ടത്. ഇയാളെ പിടികൂടാന്‍ പോലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല. ഒളിവില്‍പ്പോയ ഇയാള്‍ മൂന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്.
കഴിഞ്ഞ എട്ടിനായിരുന്നു കേസിനാസ്പദമായ സംഭവം. മൊബൈല്‍ ഫോണിന് റേഞ്ച് കിട്ടാത്തതിനെത്തുടര്‍ന്ന് കോള്‍ ചെയ്യാന്‍ വീടിനു പുറത്തു റോഡിലേക്കിറങ്ങിയ യുവതിയെ പ്രതി പിന്നിലൂടെ എത്തി കടന്നു പിടിക്കുകയായിരുന്നു. രക്ഷപ്പെട്ട് വീട്ടിലേക്ക് കയറാൻ ശ്രമിച്ച യുവതിയെയും അമ്മയെയും പ്രതി ആക്രമിച്ചു.
സംഭവത്തിന് പിന്നാലെ പ്രദേശത്തുനിന്ന് കസ്റ്റഡിയിലെടുത്ത പ്രതി റെയില്‍വേ ഗേറ്റില്‍ നിർത്തിയ പോലീസ് ജീപ്പില്‍ നിന്നു ചാടിപ്പോകുകയായിരുന്നു.