ഇലക്ട്രിക് ടവറില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി
1425581
Tuesday, May 28, 2024 7:42 AM IST
അങ്കമാലി: റെയില്‍വേ സ്റ്റേഷന് പ്ലാറ്റ്ഫോമിലെ ഇലക്ട്രിക് ടവറിനു മുകളില്‍ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. അരമണിക്കൂറോളം പരിഭ്രാന്തി പരത്തിയ യുവാവിനെ ഒടുവില്‍ അനുനയിപ്പിച്ച് താഴെയിറക്കി.
ഇന്നലെ ഉച്ചകഴിഞ്ഞ് രണ്ടോടെയാണ് സംഭവം. കൊല്ലം ചടയമംഗലം സ്വദേശിയായ ആദിത്യന്(21) ആണ് നാട്ടുകാരെ മുള്‍മുനയില്‍ നിര്‍ത്തിയത്. വിവരമറിഞ്ഞ് റെയില്‍വേ പോലീസും അങ്കമാലി അഗ്നിരക്ഷാ സേനയും സ്ഥലത്തെത്തി. ചോദിക്കുന്ന ചോദ്യങ്ങള്‍ക്കെല്ലാം പരസ്പര ബന്ധമില്ലാതെയാണ് ഇയാള്‍ സംസാരിച്ചിരുന്നത്. തനിക്കെതിരേ ഭീഷണിയുണ്ടെന്നും, പോലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുകയാണെന്നുമെല്ലാം ഇയാള്‍ പറയുന്നുണ്ടായിരുന്നു. അങ്കമാലിയില്‍ എങ്ങനെ എത്തിയെന്നതിനും വ്യക്തതയില്ല.
താഴെ ഇറക്കാന്‍ ശ്രമിച്ചാല്‍ മുകളില്‍ നിന്നു ചാടുമെന്ന് ഭീഷണി മുഴക്കി. തുടര്‍ന്ന് ഫയര്‍ഫോഴ്സ് താഴെ വലവിരിച്ചു. ഒടുവില്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം ഉണ്ടാക്കാമെന്ന് പറഞ്ഞ് അനുനയിപ്പിച്ച് താഴെ ഇറക്കുകയായിരുന്നു. ഇയാളുടെ കൈവശം ഫോണ്‍ ഉണ്ടായിരുന്നെങ്കിലും ചാര്‍ജ് തീര്‍ന്ന് ഓഫായ നിലയിലാണ്. നിലവില്‍ റെയില്‍വേ പോലീസിന്റെ കസ്റ്റഡിയിലാണ്. ഇയാളുടെ വീട്ടുകാരുമായി ബന്ധപ്പെടാന്‍ ശ്രമിച്ചുവരികയാണ്.