ഓർമയുണ്ടോ സാറെ ? കെ.എം. മാണിക്ക് അയച്ച 500 രൂപ ആഷിക് അബുവിന് തിരിച്ചയച്ച് പ്രതിഷേധം
1425323
Monday, May 27, 2024 6:55 AM IST
ആലുവ: ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലഘട്ടത്തിൽ അന്നത്തെ ധനകാര്യ വകുപ്പ് മന്ത്രിയായിരുന്ന കെ.എം. മാണിക്ക് 500 രൂപ മണി ഓർഡർ അയച്ചുകൊടുത്ത സംവിധായകൻ ആഷിഖ് അബുവിന് അതേ തുക മണിയോർഡർ അയച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം ഇന്ന് ആലുവയിൽ നടക്കും. ആലുവ ഹെഡ് പോസ്റ്റ് ഓഫീസിൽനിന്ന് ഇന്ന് രാവിലെ 10നാണ് പ്രതിഷേധ പരിപാടി.
ബാർ കോഴ അഴിമതി ആരോപിച്ച് പണമയച്ചതിന് മറുപടിയായാണ് പിണറായി സർക്കാരിലെ ബാർ കോഴ അഴിമതി ചൂണ്ടിക്കാണിച്ച് മണിയോർഡർ അയയ്ക്കുന്നത്. ‘മാണി സാറിന്റെ വീട്ടിൽ ദാരിദ്ര്യം മാറ്റാൻ 500 രൂപ നൽകിയ ആഷിക് അബുവിന് എൽഡിഎഫ് സർക്കാരിന്റെ ബാർ കോഴ കേസിൽ പിണറായിയുടെ വീട്ടിലെ ദാരിദ്ര്യം മാറ്റാൻ മണി ഓർഡർ വഴി 500 രൂപ അയയ്ക്കുന്നു’ എന്നാണ് ആലുവ യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റിയുടെ വിശദീകരണം. ‘ഓർമയുണ്ടോ സാറെ’ എന്നാണ് പ്രതിഷേധത്തിന് പേരിട്ടിരിക്കുന്നത്.