മഴക്കെടുതി, വെള്ളക്കെട്ട്
1424587
Friday, May 24, 2024 4:36 AM IST
ആലുവയില്‍ കിണര്‍ ഇടിഞ്ഞുതാഴ്ന്നു
ആലുവ: കനത്ത മഴയില്‍ വീട്ടിലെ കിണര്‍ ഉഗ്രശബ്ദത്തോടെ ഇടിഞ്ഞുതാഴ്ന്നു. കടുങ്ങല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ മുപ്പത്തടം സെന്റ് ജോണ്‍സ് ചര്‍ച്ചിന് സമീപം കരോത്തുകുന്ന് വൈലോക്കുഴി മോഹനന്റെ വീട്ടിലെ കിണറാണ് ഇന്നലത്തെ മഴയില്‍ ഇടിഞ്ഞു താഴ്ന്നത്. വീട്ടുവളപ്പിലെ കിണര്‍ താഴ്ന്നതോടെ വീട്ടുകാരും ആശങ്കയിലാണ്.
ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ പെടാപ്പാട്
അരൂർ: ദേശീയപാതയിൽ അരൂർ മുതൽ കുത്തിയതോട് വരെ ഇന്നലെ അർധരാത്രി മുതൽ ഗതാഗതക്കുരുക്ക്. ഉയരപ്പാത നിർമാണ സാമഗ്രിയുമായി വന്ന ടോറസ് ചന്തിൽ കുമർത്തുപടി ക്ഷേത്രത്തിനു സമീപം താഴ്ന്നതാണ് ഗതാഗതം തടസപ്പെടാനിടയാക്കിയത്. ലോറി നീക്കം ചെയ്തെങ്കിലും ഗതാഗതക്കുരുക്ക് തുടരുകയാണ്.
തോരാതെ പെയ്ത മഴയിൽ റോഡിന്റെ ഇരുവശത്തും രൂക്ഷമായ വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. ഉയരപ്പാതയുടെ നിർമാണത്തിനുള്ള സംരക്ഷണ ഷട്ടറുകൾക്ക് പുറത്തുള്ള സർവീസ് റോഡിലാണ് വെള്ളവും ചെളിയും നിറഞ്ഞു കിടക്കുന്നത്. താൽക്കാലികമായി നിർമിച്ചിട്ടുള്ള സർവീസ് റോഡിന്റെ പല ഭാഗങ്ങളിലും ചതുപ്പാണ്. ഈ ഭാഗങ്ങളിൽ പലപ്പോഴും വാഹനങ്ങൾ താഴ്ന്ന് ഗതാഗതക്കുരുക്ക് പതിവാണ്. അരൂർ ക്ഷേത്രം കവലയിൽ അരൂർ പോലീസ് സംഘവും ഹൈവേ പോലീസും ചേർന്ന് ഗതാഗതം നിയന്ത്രിക്കുകയാണ്.
കളമശേരിയിൽ വീടുകളിൽ വെള്ളം കയറി
കളമശേരി: നഗരസഭയുടെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ട്. മൂലേപ്പാടത്ത് താഴ്ന്ന പ്രദേശത്തെ 20ഓളം വീടുകളിലും വി.ആർ. തങ്കപ്പൻ റോസിൽ 15ഓളം വീടുകളിലും മുട്ടാർ, സാലീസ് എന്നിവിടങ്ങളിൽ അഞ്ച് വീതം വീടുകളിലും ഇടപ്പള്ളി ടോളിലും വെള്ളം കയറി.
നഗരസഭ ഇടപ്പള്ളി ടോളിൽ ശുചീകരണം ആരംഭിച്ചു. മഴക്കാല ശുചീകരണം നടത്താത്തതിനാലാണ് തോടുകൾ നിറഞ്ഞു വീടുകളിൽ വെള്ളം കയറിയതെന്ന് വീട്ടുടമകൾ പ്രതികരിച്ചു.
വടക്കേക്കര വെള്ളത്തിനടിയിൽ
പറവൂർ: മഴ ശക്തമായതിനെത്തുടർന്ന് ചിറ്റാറ്റുകര പഞ്ചായത്തിലെ നീണ്ടൂർ, പട്ടണം, ആളംതുരുത്ത് പ്രദേശങ്ങൾ വെള്ളത്തിനടിയിലായി. പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളും നാട്ടുകാരും ചേർന്ന് ദേശീയപാത നിർമാണവുമായി ബന്ധപ്പെട്ട് താൽക്കാലികമായി അടച്ചുവച്ചിരുന്ന കാനകളുടേയും,വെള്ളം ഒഴുകിപ്പോകാൻ സ്ഥാപിച്ചിരുന്ന പൈപ്പുകളുടേയും മറ്റും തടസങ്ങൾ നീക്കി.
കഴിഞ്ഞ ദിവസം ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ വി.ഇ. അബ്ബാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയെതുടർന്ന് ജലം ഒഴുകിപ്പോകാൻ സാധ്യമായ കാനകൾ അടക്കമുള്ള മാർഗങ്ങൾ പൂർണമായും അടച്ചുവച്ചിരുന്നത് തുറന്നിരുന്നു. എന്നാൽ ഇതിലൂടെ ജലം ഒഴുകുന്നതിനുള്ള തടസങ്ങൾ മാറിയിരുന്നില്ല. ഇതാണ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ വൃത്തിയാക്കിയത്.
കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത മഴ ഈ പ്രദേശങ്ങളിലെ ജനജീവിതം ദുസഹമാക്കി. പല വീടുകളുടെയും മുറികളിൽ വെള്ളം കയറി. വീട്ടുപകരണങ്ങൾക്ക് നാശനഷ്ടം ഉണ്ടായി. കക്കൂസ് ടാങ്കുകളിൽ വെള്ളം നിറഞ്ഞതിനെ തുടർന്ന് ശുചിമുറികൾ ഉപയോഗിക്കാനാകാതെ ജനം നട്ടം തിരിഞ്ഞു.
ഇവിടെയുണ്ടായിരുന്ന വലുതും ചെറുതുമായ തോടുകൾ ദേശീയ പാത നിർമാണത്തിന്റെ ഭാഗമായി നികന്നു പോയിട്ടുണ്ട്. തൽസ്ഥാനത്ത് കാനകൾ നിർമിച്ചെങ്കിലും ഇപ്പോഴും പൂർത്തിയായിട്ടില്ല. കാന നിർമാണം പൂർത്തിയാകാത്ത സ്ഥലങ്ങളിൽ താൽക്കാലിക സംവിധാനമായി സ്ഥാപിച്ച പൈപ്പുകൾ ചെളി വന്ന് അടഞ്ഞു കിടക്കുകയാണ്.
വെള്ളക്കെട്ടിനാൽ പൊറുതിമുട്ടിയതോടെ പ്രദേശവാസികൾ പഞ്ചായത്തിൽ പരാതിയുമായെത്തി. തുടർന്നാണ് പഞ്ചായത്ത് പ്രസിഡന്റ് ശാന്തിനി ഗോപകുമാർ, സ്ഥിരം സമിതി അധ്യക്ഷരായ വി.എ. താജുദീൻ, സമീറ ഉണ്ണികൃഷ്ണൻ, ലൈബി സാജു എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികൾ രംഗത്തിറങ്ങിയത്. ദേശീയപാത നിർമാണ തൊഴിലാളികളും ഇവർക്ക് സഹായവുമായെത്തി. ചെളിനീക്കം ചെയ്ത ശേഷം നീരൊഴുക്ക് സുഗമമാക്കിയതോടെ വെള്ളക്കെട്ടിന് താൽക്കാലിക ശമനമായി.
അപ്രോച്ച് റോഡില്‍ മണ്ണിടിച്ചില്‍
അങ്കമാലി: കനത്ത മഴയില്‍ ദേശീയപാതയിലെ കരയാംപറമ്പ് പാലത്തിന്റെ അപ്രോച്ച് റോഡ് ഭാഗികമായി ഇടിഞ്ഞു. തൃശൂര്‍ ഭാഗത്തേക്കുള്ള റോഡിന്റെ പാലം കഴിഞ്ഞുള്ള ഇടതുവശത്താണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. രണ്ടു ദിവസമായി പ്രദേശത്ത് കനത്ത മഴയുണ്ട്. കരയാംപറമ്പ് ഭാഗത്തുനിന്നും കുത്തിയൊഴുകി വരുന്ന പെയ്തുവെള്ളം താഴേക്ക് പതിക്കുന്ന ഭാഗമാണ് ഇടിഞ്ഞിട്ടുള്ളത്.
റോഡരികില്‍ സ്ഥാപിച്ചിരുന്ന ഇരുമ്പു ബാരിക്കേഡും തകര്‍ന്നിട്ടുണ്ട്. റോഡിന്റെ ഇരുവശത്തും വലിയ താഴ്ചയാണുള്ളത്. 20 അടിയോളം നീളത്തില്‍ അരികുഭാഗം വിണ്ടു നില്ക്കുന്ന സ്ഥിതിയാണ്. ഭാരവാഹനങ്ങള്‍ കടന്നു പോകുമ്പോള്‍ വശങ്ങള് ഇനിയും ഇടിയാന്‍ സാധ്യതയുണ്ട്.
ഇരുചക്ര വാഹനങ്ങളും അപകടത്തില്‍പ്പെടാന്‍ സാധ്യത ഏറെയാണ്. പോലീസ് എത്തി ഇടിഞ്ഞ ഭാഗം റിബണ്‍ കെട്ടി മറച്ചിരിക്കുകയാണ്. അപകടം ഒഴിവാക്കാന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ദേശീയപാത അധികൃതരോട് ആവശ്യപ്പെട്ടു.