കീഴ്മാടിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ്
1416303
Sunday, April 14, 2024 4:41 AM IST
ആലുവ: കീഴ്മാട് പഞ്ചായത്തിൽ അപ്രഖ്യാപിത ലോഡ്ഷെഡിംഗ് എന്ന് പരാതി. 11 കെവി ചൂണ്ടി ഫീഡറിൽ ലോഡ് കൂടുന്നതിനാൽ ഫീഡർ ട്രിപ്പായി വൈദ്യുതി നിലനിർത്താൻ കഴിയാതാകുമെന്ന കെഎസ്ഇബി അസിസ്റ്റന്റ് എൻജിനീയറുടെ മുന്നറിയിപ്പിന് പിന്നാലെയാണ് വൈദ്യുതി മുടക്കം പതിവായിരിക്കുന്നത്.
ഇലക്ട്രിക്ക് വാഹനങ്ങൾ ഒരു കാരണവശാലും രാത്രി ഒരു മണി വരെ ചാർജ് ചെയ്യരുതെന്നും ഫാൻ, എ സി ഒഴികെ മറ്റ് ഉപകരണങ്ങൾ പ്രവർത്തിക്കരുതെന്നുമാണ് വൈദ്യുതി ബോർഡ് നിർദേശം. ഇത് പാലിക്കപ്പെടാത്തതിനാൽ വൈദ്യുതി ബോർഡ് ലൈനുകൾ ഓഫ് ചെയ്യുകയാണെന്നാണ് സൂചന.
ചൂണ്ടി, നിലത്തോപ്പ്, കോമ്പാറ, അടിവാരം, വെൽട്ടൻ, എസ്ഒഎസ്, ഭാരത് മാതാ, എട്ടേക്കർ തുടങ്ങിയ മേഖലകളിൽ വൈദ്യുതി ലോഡ് കൂടുതലാണെന്നാണ് വൈദ്യുതി ബോർഡ് പറയുന്നത്.
ഉപയോഗം പരമാവധി കുറച്ച് സഹകരിക്കണമെന്ന് അസിസ്റ്റന്റ് എൻജിനീയർ അഭ്യർഥിച്ചു. എസി 26 ഡിഗ്രിയിൽ താഴെ ഉപയോഗിക്കാതിരിക്കണമെന്നും കെഎസ്ഇബി ആവശ്യപ്പെട്ടു.