കണിയൊരുക്കാൻ കണ്ണന്മാരെത്തി
1416161
Saturday, April 13, 2024 4:20 AM IST
തൃപ്പൂണിത്തുറ: കണിയൊരുക്കാൻ കണ്ണന്മാരെത്തി. വിഷുവിന് ഒരു ദിവസം മാത്രം ശേഷിക്കെ കണിക്കാഴ്ചയ്ക്കുള്ള കൃഷ്ണ വിഗ്രഹങ്ങൾ കടകളിലെല്ലാം നിരന്നു കഴിഞ്ഞു. തൃപ്പൂണിത്തുറ സ്റ്റാച്യൂ ജംഗ്ഷനിലും കോട്ടയ്ക്കകത്തുമുള്ള കടകളിൽ വിവിധ രൂപഭാവങ്ങളിലുള്ള ഒട്ടേറെ കൃഷ്ണന്മാരാണെത്തിയിരിക്കുന്നത്.
ലായം കൂത്തമ്പലത്തിലും ഉണ്ണിക്കണ്ണന്മാരുടെ അനവധിയായ പ്രതിമകൾ വില്പനയ്ക്കെത്തിച്ചിട്ടുണ്ട്. കാർവർണൻ തുടങ്ങി കറുത്ത ഉണ്ണിക്കണ്ണനും ഇളം മഞ്ഞ നിറത്തിലുമായി വിവിധ വർണങ്ങളിലാണ് ഉണ്ണിക്കണ്ണന്മാർ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. സാധാരണ കണ്ടുവരുന്ന ഓടക്കുഴലൂതുന്ന കൃഷ്ണനെ കൂടാതെ വെണ്ണക്കണ്ണനും ഗോപാലകൃഷ്ണനും രാധാകൃഷ്ണനും ആലിലക്കണ്ണനും കൂടാതെ ഇത്തവണ സരസ്വതി ദേവിയും നരസിംഹവും വില്പനയ്ക്കായി ഇടംപിടിച്ചിട്ടുണ്ട്.
കളിമണ്ണിലും പേപ്പർ പൾപ്പിലും ഫൈബറിലും തീർത്ത പ്രതിമകൾ ആളുകളുടെ പോക്കറ്റിനിണങ്ങുന്ന രീതിയിൽ വാങ്ങാമെന്നതാണ് ഇവിടത്തെ പ്രത്യേകത. 300 രൂപ മുതൽ 5500 രൂപ വരെ വിലയുള്ള കൃഷ്ണന്മാർ വില്പനയ്ക്കുണ്ടെങ്കിലും 500 രൂപ വരെയുള്ള പ്രതിമകൾക്കാണ് ആവശ്യക്കാർ കൂടുതലുള്ളത്.
കണി ദർശനത്തിനായി ഓരോ വർഷവും പുതിയ കണ്ണന്മാരെ വാങ്ങുന്നവരാണ് കൂടുതലാളുകളുമെന്നതിനാൽ വില്പനയ്ക്കെത്തിച്ചിട്ടുള്ള പ്രതിമകളെല്ലാം വിഷുത്തലേന്ന് വൈകിട്ടോടെ തന്നെ വിറ്റുതീരും.
കിഴക്കേക്കോട്ടയിലെ വിവേക് ഫോട്ടോ ഫ്രെയിംസാണ് തുടർച്ചയായ 10-ാം വർഷവും ഉണ്ണിക്കണ്ണന്മാരെ വില്പനയ്ക്കായി ഗുരുവായൂരിൽ നിന്നെത്തിച്ചിരിക്കുന്നത്.