കൊച്ചി കോര്പറേഷന് വര്‍ക്സ് ചെയര്‍പേഴ്സണ്‍ രാജിവച്ചു
1415928
Friday, April 12, 2024 4:20 AM IST
കൊച്ചി: "കസേര' മാറ്റത്തെ ചൊല്ലി പാര്‍ട്ടിയുടെയും കോണ്‍ഗ്രസിന്റെയും ശത്രുത പിടിച്ചുവാങ്ങേണ്ടിവന്ന വൈറ്റില ഡിവിഷന് കൗണ്‍സിലറും ആര്‍എസ്പി അംഗവുമായ സുനിതാ ഡിക്സണ്‍ കൊച്ചി കോര്പറേഷന് മരാമത്ത് സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം രാജിവച്ചു.
ആര്‍എസ്പിയും കോണ്‍ഗ്രസും തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയ പരാതിയില്‍ ഹൈക്കോടതിയില്‍ നിന്നുവരെ തിരിച്ചടി നേരിട്ടതോടെ 'അയോഗ്യത' ഭയന്നാണ് രാജിയെന്നാണ് സൂചന. നേരത്തെ പാര്‍ട്ടി ആവശ്യപ്പെട്ടിട്ടും രാജിവയ്ക്കാന്‍ സുനിത തയാറായിരുന്നില്ല.
ഒന്നര വര്‍ഷത്തിനു ശേഷം ചെയര്‍പേഴ്സണ്‍ സ്ഥാനം കൈമാറണമെന്ന് ആര്‍എസ്പിയും കോണ്‍ഗ്രസും തമ്മില്‍ ധാരണയുണ്ടായിരുന്നു. ഇക്കാര്യം ആര്‍എസ്പി ജില്ലാ നേതൃത്വം സ്ഥിരീകരിച്ചതുമാണ്. എന്നാല്‍ അത്തരമൊരു ധാരണ ഇല്ലെന്നാണ് സുനിതാ ഡിക്സണ്‍ പറഞ്ഞത്. ജില്ലാ നേതൃത്വം രാജി ആവശ്യപ്പെട്ടപ്പോഴൊക്കെ അതിനോട് വഴങ്ങാന്‍ സുനിത കൂട്ടാക്കിയല്ല.
ഇതേ തുടര്‍ന്ന് ചെയര്‍പേഴ്സണെതിരെ കോണ്‍ഗ്രസ് വ്യാപകമായ ആരോപണങ്ങള്‍ ഉന്നയിച്ചു. സ്ഥിരം സമിതിയുടെ പ്രവര്‍ത്തനം കാര്യക്ഷമമല്ലെന്നും ഫയലുകള്‍ ഒപ്പിടാന്‍ ചെയര്‍പേഴ്സണ്‍ വിസമ്മതിക്കുന്നുമൊക്കെയായിരുന്നു ആക്ഷേപം.
തുടര്‍ന്ന് ചെയര്‍പേഴ്സണെതിരെ കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവന്നു. കോണ്‍ഗ്രസിനൊപ്പം നില്‍ക്കണമെന്ന പാര്‍ട്ടി വിപ്പ് ലംഘിച്ച് സുനിത എല്‍ഡിഎഫിനൊപ്പം അവിശ്വാസ ചര്‍ച്ചയില്‍ നിന്ന് വിട്ടുനിന്നു. ഇതോടെ അവിശ്വാസം തള്ളിപ്പോകുകയും യുഡിഎഫിന്റെ പിന്തുണയില്ലാതെ സുനിത ചെയര്മാന് സ്ഥാനം നിലനിര്‍ത്തുകയും ചെയ്തു.
വിപ്പ് ലംഘിച്ച കുറ്റത്തിന് ആര്‍എസ്പിയുടെ പിന്തുണയോടെ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. പരാതിയില്‍ തെളിവെടുപ്പ് നടക്കുന്നതിനിടെ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുനിത ഹൈക്കോടതിയെ സമീപിച്ചു. ഹൈക്കോടതിയില്‍ നിന്ന് അനുകൂല നടപടി ഉണ്ടായില്ലെന്ന് മാത്രമല്ല, വിഷയത്തില്‍ ആറു മാസത്തിനകം ഉചിതമായ നടപടി സ്വീകരിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദേശം നല്‍കുകയും ചെയ്തു.
കേസുമായി മുന്നോട്ട് പോയാല്‍ വിപ്പ് ലംഘനം തെളിയിക്കപ്പെടുമെന്ന് ബോധ്യമായതോടെയാണ് രാജിക്ക് സുനിത തയാറായത്. അയോഗ്യത തലയ്ക്കു മുകളില്‍ വാളായി നില്ക്കുമ്പോള് എല്‍ഡിഎഫുമായി ചേര്‍ന്ന് വീണ്ടും വിപ്പ് ലംഘിക്കുന്ന സാഹചര്യം ഇനിയുണ്ടാകില്ലെന്ന് ആര്‍എസ്പിയും കരുതുന്നു.
മഹിളാ കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റും കഴിഞ്ഞ കൗണ്‍സിലില്‍ സ്ഥിരം സമിതി അധ്യക്ഷയുമായിരുന്ന വി.കെ. മിനിമോളെ വര്‍ക്ക് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ആക്കുന്നതിന് വേണ്ടിയാണ് കോണ്‍ഗ്രസ് സ്ഥാന കൈമാറ്റ ധാരണയുണ്ടാക്കിയത്. വിപ്പ് ലംഘിച്ചെന്ന് കാട്ടി മിനിമോള്‍ തന്നെയാണ് സുനിതാ ഡിക്സണിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കിയതും. രാജിവച്ച സാഹചര്യത്തില്‍ പരാതി പിന്‍വലിക്കുമോയെന്നതാണ് ഇനി കാണേണ്ടത്.
ഒന്‍പത് അംഗ വര്‍ക്ക്സ് കമ്മിറ്റിയില്‍ വി.കെ. മിനിമോളെ കൂടാതെ സീന ഗോകുലന് (പുതുക്കലവട്ടം), പയസ് ജോസഫ് (പോണേക്കര), അഭിലാഷ് തോപ്പില്‍ (ഇടക്കൊച്ചി സൗത്ത്) എന്നിവരാണ് കോണ്‍ഗ്രസില്‍ നിന്നുള്ളത്.
കെ.ബി. ഹര്‍ഷല്‍ (ചക്കരപ്പറമ്പ്), എം.ഹബിബുള്ള (ചക്കാമാടം), ദീപ വര്‍മ (ഇടപ്പള്ളി), ദിപിന് ദിലീപ് (പൊന്നുരുന്നി ഈസ്റ്റ്) എന്നിവരാണ് കമ്മിറ്റിയിലെ സിപിഎം പ്രതിനിധികള്‍. കോണ്‍ഗ്രസിനും സിപിഎമ്മിനും നാല് വീതം അംഗങ്ങളുള്ളതിനാല്‍ ആര്‍എസ്പി അംഗമായ സുനിതയുടെ പിന്തുണയോടെയാണ് യുഡിഎഫ് കമ്മിറ്റി പിടിച്ചെടുത്തത്.
ധാരണ പാലിക്കപ്പെടാതെ വന്നപ്പോള്‍ സുനിതയുമായി യുഡിഎഫ് തെറ്റി. പിന്നീട് എല്‍ഡിഎഫിന്റെ പിന്തുണയോടെ ആയിരുന്നു ചെയര്മാന് കസേര സുനിത നിലനിര്‍ത്തിയത്.