കൊച്ചിയിലും ലൂപ്പ്ലൈൻ: ലൈറ്റ്ട്രാം സാധ്യതാ പഠനത്തിനൊരുങ്ങി കെഎംആര്‍എല്‍
1415524
Wednesday, April 10, 2024 4:27 AM IST
കൊച്ചി: മെട്രോയ്ക്ക് പിന്നാലെ സമാന്തര ഗതാഗത സൗകര്യ ആശയവുമായി കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്. വിദേശ രാജ്യങ്ങളിലുള്ളതുപോലെ മെട്രോയുമായി ബന്ധപ്പിപ്പിച്ച് ലൈറ്റ് ട്രാം പദ്ധതി കൊച്ചിക്ക് അനുയോജ്യമാണോയെന്നാണ് കെഎംആര്‍എല്‍ ആലോചിക്കുന്നത്. ഇതു സംബന്ധിച്ച സാധ്യതകള്‍ പരിശോധിക്കാന്‍ ഹെസ് ഗ്രീന്‍ മൊബിലിറ്റിയിലെ അധികൃതരുമായി കെഎംആര്‍എല്‍ ചര്‍ച്ച നടത്തി.
ഓസ്ട്രേലിയയിലെ ബ്രിസ്ബെയ്നില്‍ ഉള്‍പ്പെടെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ലൈറ്റ്ട്രാം നടപ്പിലാക്കിയ സംഘമാണ് ഹെസ് ഗ്രീന്‍ മൊബിലിറ്റി. എറണാകുളം എംജി റോഡ് മെട്രോ സ്റ്റേഷനില്‍ നിന്ന് ഹൈക്കോടതിജംഗ്ഷന്, മറൈന്‍ ഡ്രൈവ് വഴി തേവര വരെ ബന്ധിപ്പിച്ചുള്ള ലൂപ്പ് ലൈന്‍ സാധ്യമാകുമോയെന്നാണ് ആദ്യഘട്ടമായി സംഘം പഠനം നടത്തുക. പദ്ധതിക്കായി പരിഗണിക്കുന്ന സ്ഥലങ്ങള്‍ കൊച്ചി മെട്രോ ഉദ്യോഗസ്ഥരോടൊപ്പം ലൈട്രാം അധികൃതര്‍ സന്ദര്‍ശിച്ചു.
എംജി റോഡ് മെട്രോ സ്റ്റേഷനില്‍ നിന്നു ഹൈക്കോടതി ജംഗ്ഷന്, മേനക, ജോസ് ജംഗ്ഷന് വഴി തേവര വരെയുള്ള 6.2 കിലോമീറ്ററില്‍ ലൈറ്റ് ട്രാം നടപ്പിലാക്കുവാന്‍ സാധ്യമാകുന്ന മേഖലയാണെന്നാണ് ഹെസ് ഗ്രീന്‍ മൊബിലിറ്റി അധികൃതരുടെ ആദ്യ വിലയിരുത്തല്‍.
ലൈറ്റ്ട്രാം നടപ്പിലാക്കുന്നത് സംബന്ധിച്ച് ഈ മേഖലയില്‍ പ്രാഥമികമായി സാധ്യത പഠനവും തുടര്‍ന്ന് ഡിപിആറും ഇവര്‍ തയാറാക്കും. പദ്ധതി യാഥാര്‍ഥ്യമായാല്‍ കൊച്ചി മെട്രോയുടെ ഫീഡര്‍ ആയിരിക്കും ലൈറ്റ്ട്രാമെന്ന് കെഎംആര്‍എല്‍ എംഡി ലോക്നാഥ് ബെഹ്റ പറഞ്ഞു.
എംജി റോഡ് മെട്രോ സ്റ്റേഷനുമായി കൊച്ചി വാട്ടര്‍ മെട്രോയുടെ ഹൈക്കോടതി ജംഗ്ഷന് ടെര്‍മിനലിനെ ബന്ധിപ്പിക്കുവാന്‍ ലൈറ്റ്ട്രാം സഹായകരമാകും. തേവര ഭാഗത്തു നിന്നും കൊച്ചിയുടെ പടിഞ്ഞാറന്‍ മേഖലയില്‍ നിന്നുള്ളവര്‍ക്കും മെട്രോയിലേക്ക് എത്താന്‍ ഇതുവഴി സുഗമമായി സാധിക്കും.
റോഡ് നിരപ്പിലും, മെട്രോയ്ക്ക് സമാനമായും ഭൂഗര്‍ഭമായും പ്രവര്‍ത്തിക്കാന്‍ സജ്ജമാകുന്ന തരത്തിലുള്ളതാണ് ലൈറ്റ്ട്രാമുകള്. മൂന്നു ബോഗികളിലായി 25 മീറ്റര്‍ നീളമുള്ള ലൈറ്റ്ട്രാമില് 240 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം. ഇലക്ട്രിക് ഹൈബ്രിഡ് ലൈറ്റ്ട്രാമുകള് 100 ശതമാനം ചാര്‍ജ് ചെയ്യുന്നതിന് വെറും 6 മിനിറ്റ് മതി. ഭിന്നശേഷി സൗഹാര്‍ദമാണ് ലൈറ്റ്ട്രാമുകള് എന്നതും മറ്റൊരു ആകര്‍ഷണമാണ്.
പരമ്പരാഗത മെട്രോയുടെ നാലില്‍ ഒന്ന് മാത്രമാണ് ലൈറ്റ് ട്രാം പദ്ധതിക്ക് ചെലവ് പ്രതീക്ഷിക്കുന്നത്. ഇന്ത്യയില്‍ നിര്‍മാണ യൂണിറ്റുകള്‍ ആരംഭിക്കാന്‍ പദ്ധതിയുണ്ടെന്നും ഇവ യാഥാര്‍ഥ്യമായാല്‍ പദ്ധതി ചെലവ് വീണ്ടും കുറയ്ക്കാന്‍ സാധിക്കുമെന്നും ഹെസ് ഗ്രീന്‍ മൊബിലിറ്റി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടര്‍ കിഷോര്‍ കുമാര്‍ ഗാട്ടു കൂട്ടിച്ചേര്‍ത്തു.