ഷാപ്പിലും കടയിലും കവര്‍ച്ച; കള്ളന് പൂസായി
1396291
Thursday, February 29, 2024 3:51 AM IST
അങ്കമാലി: അതിഥി തൊഴിലാളികളുടെ അങ്കമാലിയിലെ കേന്ദ്രമായ പഴയ മാര്‍ക്കറ്റ് റോഡിലെ മുനിസിപ്പാലിറ്റിയുടെ പുറകിലുള്ള ഗേറ്റിന് സമീപമുള്ള കച്ചവട സ്ഥാപനങ്ങളില്‍ മോഷണം. അതിഥി തൊഴിലാളി നടത്തുന്ന മഞ്ജുര് എന്ന മൊബൈല്‍ സ്ഥാപനത്തില്‍നിന്നും ഫോണും പണവും കവര്‍ന്നു. കളവ് മുതലുമായി തൊട്ടുത്ത ഷാപ്പിന്റെ മേല്‍ക്കൂര പൊളിച്ച് കള്ള് കവര്‍ന്ന് കുടിക്കുന്നതിനൊപ്പം കവര്‍ന്ന ഒരു മൊബൈല്‍ മറന്നുവയ്ക്കുകയും ചെയ്തു. ഏഴ് കുപ്പി കള്ളാണ് കള്ളൻ കവർന്നത്.
തിങ്കളാഴ്ച രാത്രി 12.42ന് ശേഷമാണ് കള്ളനെത്തിയതെന്ന് സ്ഥാപന ഉടമ പറയുന്നു. കടയില്‍നിന്നു ഏഴ് മൊബൈല്‍ ഫോണും 7000 രൂപയും മൊബൈല്‍ ആക്സസറികളുമാണ് കവര്‍ന്നത്. മേല്‍ക്കൂര പൊളിച്ച് അകത്ത് കയറിയ കള്ളന് ആദ്യം തന്നെ സിസിടിവി സ്വിച്ച ഓഫ് ചെയ്ത് പ്രവര്‍ത്തന രഹിതമാക്കിയിരുന്നു. സമീപത്തെ കടയിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.