ആലുവ ശിവരാത്രി വ്യാപാര മേള: ഗുണ്ടാ പിരിവ്: സംരക്ഷണം വേണം: കരാർ കമ്പനി ഹൈക്കോടതിയിൽ
1396283
Thursday, February 29, 2024 3:51 AM IST
ആലുവ: ശിവരാത്രി മണപ്പുറത്തെ വ്യാപാര മേളയും അമ്യൂസ്മെന്റ് പാർക്ക് നടത്തിപ്പ് ചുമതല ഏറ്റെടുത്ത കരാർ കമ്പനിക്ക് ഗുണ്ടാ ശല്യമുള്ളതായി പരാതി. ഇതിനെതിരെ പോലീസ് സംരക്ഷണം ആവശ്യപ്പെട്ട് ഫൺ വേൾഡ് കമ്പനി അധികൃതർ ഹൈക്കോടതിയെ സമീപിച്ചു. കേസ് ഇന്ന് പരിഗണിക്കും.
കഴിഞ്ഞ ദിവസങ്ങളിൽ ഗുണ്ടാ സംഘം മണപ്പുറത്ത് എത്തി ഭീഷണി മുഴക്കിയിരുന്നു. ലക്ഷങ്ങൾ ചോദിച്ചാണ് സംഘങ്ങൾ നിർമാണം പുരോഗമിക്കുന്ന അമ്യൂസ്മെന്റ് പാർക്ക് പരിസരത്ത് എത്തുന്നത്. ഇതോടെ റൈഡുകളുടെ സുരക്ഷ ഭീഷണിയിലായിരിക്കുകയാണ്.
ഇക്കുറി ലേല നടത്തിപ്പ് സംബന്ധിച്ച് ഒന്നാം സ്ഥാനത്തുവന്ന കമ്പനിയും ആലുവ നഗരസഭയും തമ്മിൽ തർക്കം ഉടലെടുത്തിരുന്നു. തുടർന്ന് ഹൈക്കോടതി ഡിവിഷൻ ബഞ്ച് അനുമതി ലഭിച്ചത് കരാറിൽ രണ്ടാം സ്ഥാനത്തായ ബംഗളുരു ആസ്ഥാനമായ ഫൺ വേൾഡ് കമ്പനിക്കാണ്.
കഴിഞ്ഞ വർഷം പരാതികളില്ലാതെ വ്യാപാര മേള നടത്തിയത് കമ്പനിക്ക് മുൻതൂക്കമാകുകയായിരുന്നു. ഫൺ വേൾഡിന്റെ പരാതി പ്രകാരം സ്പെഷൽ ബ്രാഞ്ച് പോലീസിനോട് റൂറൽ ജില്ലാ പോലീസ് മേധാവി റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.