തേവരയുടെ തേരോട്ടം
1396096
Wednesday, February 28, 2024 4:23 AM IST
കോട്ടയം: കലയുടെ വിവിധ രുചിക്കൂട്ടുകള്‍ വിളമ്പി മുന്നേറുന്ന എംജി കലോത്സവത്തില്‍ എറണാകുളം കോളജുകളുടെ മുന്നേറ്റം. രണ്ടാം ദിനം മത്സരങ്ങള്‍ അവസാനഘട്ടത്തിലെത്തുമ്പോള്‍ 21 പോയിന്റുമായി തേവര എസ്എച്ച് കോളജാണ് മുന്നില്‍. എറണാകുളം സെന്റ് തെരേസാസ്, തൃപ്പൂണിത്തുറ ആര്‍എല്‍വി കോളജ് എന്നിവ 16 പോയിന്റുമായി രണ്ടാം സ്ഥാനത്തുണ്ട്. 15 പോയിന്റുമായി ആലുവ യുസി കോളജാണ് മൂന്നാം സ്ഥാനത്ത്.
മുന്‍ കലോത്സവങ്ങളില്‍ ചാമ്പ്യന്മാരായും റണ്ണറപ്പ് ആയും മുന്നിലുണ്ടായിരുന്ന എറണാകുളം മഹാരാജാസ് കോളജ് ഇതുവരെ ചിത്രത്തിലേയില്ല. വരും ദിവസങ്ങളില്‍ മത്സരങ്ങള്‍ പുരോഗമിക്കുമ്പോള്‍ പൂര്‍വാധികം ശക്തിയോടെ തിരിച്ചെത്തുമെന്നാണു മഹാരാജാസ് വിദ്യാര്‍ഥികളുടെ വാദം. ഇന്നലെ ഭരതനാട്യവും മോഹിനിയാട്ടവും ആസ്വദിക്കാന്‍ തിരക്കേറി.
കോട്ടയം ചുറ്റുവട്ടത്തെ കോളജുകളും സര്‍വകലാശാലാ കാമ്പസുകളും അവധിയെടുത്ത് കലയുത്സവം ആസ്വദിക്കുകയാണ്. ജനപ്രിയ ഇനങ്ങളുമായി ഇന്നു കലാവേദികള്‍ കൂടുതല്‍ സജീവമാകും. നാടോടിനൃത്തം, മിമിക്രി, കഥാപ്രസംഗം, വഞ്ചിപ്പാട്ട്, മാപ്പിളപ്പാട്ട് മത്സരങ്ങള്‍ക്ക് ഇന്ന് വേദികളെ സമ്പന്നമാക്കും.