മഴയല്ല കാരണം; സംഘാടനത്തിലെ പിഴവെന്ന് വിദ്യാര്‍ഥികള്‍
1373782
Monday, November 27, 2023 2:17 AM IST
കൊച്ചി: കുസാറ്റിലെ ദുരന്തത്തിന് കാരണം മഴയല്ലെന്നും സംഘാടനത്തിലെ പിഴവാണെന്നും അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ഥികള്‍. എല്ലാവര്ക്കും പ്രവേശനം ഉണ്ടായിരുന്ന പരിപാടിയില്‍ ടീഷര്‍ട്ട് ഇട്ടവരെ മാത്രം അകത്ത് കയറ്റാന്‍ നോക്കിയതാണ് കാര്യങ്ങള്‍ വഷളാക്കിയതെന്നും ചികിത്സയില്‍ കഴിയുന്ന വിദ്യാര്‍ഥികളുടെ പുറത്തുവന്നിട്ടുള്ള ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
ആര്‍ക്ക് വേണമെങ്കിലും പരിപാടിക്ക് പ്രവേശിക്കാമായിരുന്നു. എന്നാല്‍ ടെക് ഫെസ്റ്റിന് പണം നല്‍കിയവര്‍ക്കാണ് സംഘാടകര്‍ ടീഷര്‍ട്ട് നല്‍കിയത്. നാലായിരത്തിലധികം ആളുകള്‍ പരിപാടി നടക്കുന്ന സ്ഥലത്തെത്തിയിരുന്നു. ആളുകള്‍ തിങ്ങിക്കൂടിയിട്ടും ഗേറ്റ് അടച്ചിട്ടിരിക്കുകയായിരുന്നു. 6.30 ആയിട്ടും തുറന്നില്ല. തുടര്‍ന്ന് ആളുകള്‍ തള്ളിക്കയറിയതോടെ അപകടം സംഭവിക്കുകയായിരുന്നുവെന്നും ശബ്ദ സന്ദേശത്തില്‍ വ്യക്തമാക്കുന്നു.
വീഴ്ച സമ്മതിച്ച് വിസി
കളമശേരി: കുസാറ്റില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംഘാടനാ വീഴ്ച സമ്മതിച്ച് വി.സി. ഡോ. പി.ജി ശങ്കരന്. സമയക്രമം പാലിച്ച് കുട്ടികളെ കയറ്റി വിടുന്നതില്‍ പാളിച്ച സംഭവിച്ചു. അത് തിരക്കിന് വഴിവച്ചിട്ടുണ്ട്. പ്രതീക്ഷിക്കാത്ത ആള്‍ക്കൂട്ടം പരിപാടി കാണാനെത്തി.
അധ്യാപകര്‍ ഉള്‍പ്പെടെ സംഘാടകസമിതിയില്‍ ഉണ്ടായിരുന്നു. സംഘാടകര്‍ കൂടുതല്‍ ഉത്തരവാദിത്വം കാണിക്കേണ്ടതായിരുന്നുവെന്നും വീഴ്ച സംഭവിച്ചിട്ടുണ്ടോയെന്ന് അന്വേഷണ റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം പറയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ദൗര്‍ഭാഗ്യകരം: സ്പീക്കര്‍
കളമശേരി: കുസാറ്റില്‍ നടന്നത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരമായ കാര്യമെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ഈ പാഠം ഉള്‍ക്കൊണ്ട് തുടര്‍ന്ന് എന്തൊക്കെ വേണമെന്ന കാര്യം സര്‍ക്കാര്‍ ആലോചിക്കും. സിൻഡിക്കേറ്റ് ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. അതിനുശേഷം പഠിച്ച് വേണ്ടത് ചെയ്യുമെന്നും സ്പീക്കര്‍ പറഞ്ഞു.