ഒഡീസി ഓഫ് കളേഴ്സിന് ദര്‍ബാര്‍ ഹാളില്‍ തുടക്കം
1373774
Monday, November 27, 2023 2:17 AM IST
കൊച്ചി: സിംഗപ്പൂര്‍ പ്രവാസികളായ മൂന്ന് മലയാളി ആര്‍ട്ടിസ്റ്റുകളുടെ ചിത്രപ്രദര്‍ശനത്തിന് ദര്‍ബാര്‍ ഹാളില്‍ തുടക്കമായി. ഒഡീസി ഓഫ് കളേഴ്സ് എന്നു പേരിട്ട ചിത്രപ്രദര്‍ശനം 30 വരെ തുടരും.
ജീവിതം കരുപ്പിടിപ്പിച്ച സിംഗപ്പൂരിനേയും അങ്ങോട്ടേക്ക് വിമാനം കയറുംമുമ്പ് മനസില്‍ ചേര്‍ത്തുവച്ച നാടിന്റെയും നിറങ്ങളും ജീവിതവുമാണ് ഒഡീസി ഓഫ് കളേഴ്സില് നിറയുന്നത്.
ദീപ മദന്‍, ഹരി ചന്ദ്ര ജയശങ്കര്‍, സജീവ് കുമാര്‍ ചിയ്യാരത്ത് എന്നീ ആര്‍ട്ടിസ്റ്റുകളുടെ 57 ചിത്രങ്ങളാണ് പ്രദര്‍ശനത്തിലുള്ളത്. കാന്‍വാസില്‍ അക്രിലിക്കിലും ഓയില്‍ പെയിന്റിലുമാണ് ഇവര്‍ ചിത്രങ്ങള്‍ ഒരുക്കിയിരിക്കുന്നത്.
ചിത്രപ്രദര്‍ശനം ഉദ്ഘാടനം ചിത്രകാരിയും വീസ്റ്റാര്‍ ക്രിയേഷന്‍സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎംഡിയുമായ ഷീല കൊച്ചൗസേഫ് നിർവഹിച്ചു. രാവിലെ 11 മുതല്‍ രാത്രി ഏഴു വരെയാണ് പ്രദര്‍ശനം.