‘മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ നിയമം രൂപീകരിക്കണം'
1339915
Monday, October 2, 2023 1:37 AM IST
കൊച്ചി: കടല്‍ തീരങ്ങള്‍, ജലാശയങ്ങള്‍, മത്സ്യസമ്പത്ത് എന്നിവയുടെ മേലുള്ള മത്സ്യത്തൊഴിലാളികളുടെ പരമ്പരാഗത അവകാശം ഉറപ്പിക്കുന്നതിനായി മത്സ്യത്തൊഴിലാളി അവകാശ സംരക്ഷണ നിയമം രൂപീകരിക്കണമെന്ന് കേരള ഫിഷറീസ് സമുദ്രപഠന സര്‍കലാശാലയില്‍ (കുഫോസ്) സമാപിച്ച സംസ്ഥാനതല ശില്പശാല ആവശ്യപ്പെട്ടു.
സംസ്ഥാനത്തിന്റെ മത്സ്യമേഖല വികസന നയരൂപീകണത്തിലെ വിടവുകള്‍ നികത്താനുള്ള നിര്‍ദേശങ്ങള്‍ സമാഹരിക്കുക എന്ന ലക്ഷ്യത്തോടെ കുഫോസും കോസ്റ്റല്‍ ഏരിയ ഏജന്‍സി ഫോര്‍ ലിബറേഷനും സംയുക്തമായാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്.
സുസ്ഥിര വികസനോപാധി എന്ന നിലയില്‍ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന ബ്ലൂ ഇക്കോണമി പദ്ധതികള്‍ സമുദ്ര ആവാസ വ്യവസ്ഥയുടെ സംരക്ഷണവും മത്സ്യത്തൊഴിലാളികളുടെ ജീവനോപാധികളുടെ സംരക്ഷണവും ഉറപ്പാക്കി മാത്രമേ നടപ്പാക്കാവൂ.
പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെയുള്ള സാമ്പത്തിക നേട്ടം കോര്‍പറേറ്റുകള്‍ക്ക് എന്നതിലുപരി തീരവാസികള്‍ക്ക് ലഭിക്കുന്ന തരത്തില്‍ കേന്ദ്രസര്‍ക്കാര്‍ നയത്തില്‍ മാറ്റം വരുത്തണം. കാലാവസ്ഥ വ്യതിയാനം മൂലം മത്സ്യമേഖലയിലുണ്ടായ ആഘാതങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ പഠന ഗവേഷണങ്ങള്‍ ശക്തിപ്പെടുത്തണം തുടങ്ങിയ ആവശ്യങ്ങളും ശില്പശാല മുന്നോട്ടുവച്ചു.
ഇവ ഉള്‍പ്പെടെ ശില്പശാലയുടെ പ്ലീനറി സമ്മേളനം അംഗീകരിച്ച നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് സമര്‍പ്പിക്കുമെന്ന് ശില്പശാലയുടെ ചെയര്‍മാനും കോസ്റ്റല്‍ ഏരിയ ഏജന്‍സി ഫോര്‍ ലിബറേഷന്‍ ഡയറക്ടറുമായ ഡോ. സാബാസ് ഇഗ്നേഷ്യസ് അറിയിച്ചു. പ്ലീനറി സമ്മേളത്തില്‍ കുഫോസ് വൈസ് ചാന്‍സലര്‍ ഡോ. ടി. പ്രദീപ് കുമാര്‍ അധ്യക്ഷത വഹിച്ചു.