30 ലേറെ മോഷണക്കേസുകളിലെ പ്രതി പിടിയിൽ
1337696
Saturday, September 23, 2023 1:42 AM IST
മൂവാറ്റുപുഴ: മുപ്പതിലേറെക്കേസിലെ പ്രതിയായ മോഷ്ടാവ് പോലീസ് പിടിയിൽ. ആലുവ തോട്ടുമുഖം പള്ളിക്കുന്നത്ത് സിദിഖ് (54) നെയാണ് മൂവാറ്റുപുഴ പോലീസ് പിടികൂടിയത്.
മൂവാറ്റുപുഴയിലെ തുണിക്കടയിലും, അരമനപ്പടിയിലെ മെഡിക്കൽ ഷോപ്പിലും കഴിഞ്ഞ രാത്രി ഇയാൾ മോഷണം നടത്തിയിരുന്നു.
ചാലക്കുടിയിലെ മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് അടുത്തിടെയാണ് സിദ്ദിഖ് ജയിൽ മോചിതനായത്. മരുന്ന് കടകൾ, തുണിക്കടകൾ, ബേക്കറികൾ തുടങ്ങിയവ പകൽ കണ്ടു വയ്ക്കുകയും രാത്രി ഷട്ടർ പൊളിച്ച് മോഷണം നടത്തുകയുമാണ് രീതി.
രാത്രിയിൽ പട്രോളിംഗ് നടത്തുന്ന പോലീസ് സംഘം പിന്തുടർന്നാണ് പിടികൂടിയത്. ചോദ്യം ചെയ്തതിൽ നിന്ന് പറവൂരിലെ മോഷണക്കേസ് തെളിഞ്ഞു.മൂവാറ്റുപുഴയിലെ രണ്ടിടങ്ങളിൽ നിന്നു മോഷ്ടിച്ച ഫോണ്, പണം, മോഷണത്തിന് ഉപയോഗിക്കുന്ന കന്പി, ടോർച്ച് തുടങ്ങിയവ പ്രതിയിൽ നിന്നു കണ്ടെടുത്തു.
ഇൻസ്പെക്ടർ പി.എം. ബൈജു, എസ്.ഐ. എം.വി. റെജി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ കെ.ആർ. ശശികുമാർ, വി.കെ. സുഭാഷ് കുമാർ, എ.ജെ. ജിസ്മോൻ തുടങ്ങിയവരുൾപ്പെട്ട പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.