"മഞ്ഞ'ക്കടലാകാന്‍ കൊച്ചി
1337161
Thursday, September 21, 2023 5:46 AM IST
കൊച്ചി: കലൂര്‍ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയം മഞ്ഞക്കടലാവാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി. ഐഎസ്എല്‍ പത്താം പതിപ്പിന് രാത്രി എട്ടിന് കിക്കോഫ് ആകുന്നതോടെ കൊച്ചിയും ഐഎസ്എല്‍ ആവേശത്തിലേക്ക്.
ഉദ്ഘാടന മത്സരത്തില്‍ കേരള ബ്ലാസ്റ്റേഴ്സ് ബംഗളൂരു എഫ്സിയെ നേരിടും. തുടര്‍ച്ചയായ രണ്ടം ഉദ്ഘാടനം മത്സരം കൊച്ചിയിലെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ഏറ്റവുമധികം ആരാധകരുള്ള ബ്ലാസ്റ്റേഴിന് ഹോം ഗ്രൗണ്ടില്‍ കളിക്കുന്നതിന്റെ ആനുകൂല്യം സീസണിലും ആദ്യമത്സരത്തില്‍ ലഭിക്കുമെന്നാണ് ആരാധകരും പറയുന്നത്.
കിരീടത്തിനായി വര്‍ഷങ്ങളായുള്ള കാത്തിരിപ്പിന് ഈ സീസണില്‍ ബ്ലാസ്റ്റേഴ്സ് അന്ത്യം കുറിക്കുമെന്നാണ് ആരാധകര്‍ ഒന്നടങ്കം പറയുന്നതും. കലൂര്‍ ജെഎന്‍എല്‍ സ്റ്റേഡിയം മത്സരങ്ങള്‍ക്കായി ഒരുങ്ങിക്കഴിഞ്ഞു. ബാസ്റ്റേഴ്സ് ആരാധകരെ ലക്ഷ്യമിട്ട് ജഴ്സിയും ഫ്ലാഗുകളും നിരത്തില്‍ വില്‍പ്പനയും ആരംഭിച്ചിട്ടുണ്ട്. ഉദ്ഘാടന മത്സരം കാണാന്‍ ഒരുദിവസം മുന്നേ എത്തിയ മഞ്ഞപ്പട ആരാധകരുമുണ്ട്. മുന്‍ വര്‍ഷങ്ങളിലേതുപോലെ മികച്ച പങ്കാളിത്തമാണ് കൊച്ചിയില്‍ ഇക്കുറിയും സംഘാടകര്‍ പ്രതീക്ഷിക്കുന്നത്.
ഗാലറിക്കും മൈതാനത്തിനും "തീ പിടിക്കും'
സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ജയത്തിനപ്പുറം ആരാധകര്‍ മറ്റൊന്നും മുന്നില്‍ കാണുന്നില്ല. അതുകൊണ്ടുതന്നേ നാല്‍പ്പതിനായിരത്തോളം വരുന്ന സ്റ്റേഡിയത്തിന്റെ മുക്കിലും മൂലയിലും ആവേശം തീര്‍ക്കാനാണ് മഞ്ഞപ്പടയുടെ നീക്കം. സമൂഹ മാധ്യമങ്ങളിലടക്കം ഇതിനോടകം ആരാധകരുടെ ആവേശം അണപൊട്ടിത്തുടങ്ങിയിട്ടുണ്ട്. അതേസമയം കേരളത്തില്‍ ബംഗളൂരു എഫ്സിക്കും മോശമല്ലാത്ത ആരാധക കൂട്ടമാണുള്ളത്.
അഭിമാനപോരാട്ടില് മൈതാനത്ത് പന്തുരുളുമ്പോള്‍ ബ്ലാസ്റ്റേഴ്സിന്റെ ലോക പ്രശസ്തമായ ആരാധക കൂട്ടായ്മ മഞ്ഞപ്പടയും, ബംഗളൂരുവിന്റെ ആരാധകരായ വെസ്റ്റ് ബ്ലോക്ക് ബ്ലൂസും ഗാലറിയില്‍ കളിയാവേശം തീര്‍ക്കും.
പടുകൂറ്റന്‍ ടിഫോ
മഞ്ഞപ്പടയുടെ ഭൂരിഭാഗവും മലബാര്‍ മേഖലയില്‍ നിന്നുള്ള ആരാധകരാണ്. ഉദ്ഘാടന മത്സരം കാണാന്‍ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയുള്ള സ്ഥലങ്ങളില്‍നിന്ന് മഞ്ഞ ആരാധകരെത്തും. ഗാലറിയില്‍ പടുകൂറ്റന്‍ ടിഫോ ഉയര്‍ത്താനാണ് ഇവരുടെ നീക്കം. മത്സരങ്ങള്‍ക്കുള്ള ടിക്കറ്റ് ഓണ്‍ലൈന്‍ വഴി ലഭ്യമാണ്. www.insider.in എന്ന വെബ്സൈറ്റ് മുഖേന ടിക്കറ്റ് എടുക്കാം. ഇതിനു പുറമേ ജെഎന്‍എല്‍ സ്റ്റേഡിയത്തിലെ ബോക്സ് ഓഫീസ് കൗണ്ടറില്‍ നിന്നും ടിക്കറ്റ് ലഭിക്കും.
നഗരത്തില്‍ ഗതാഗത നിയന്ത്രണം
കൊച്ചി: ഐഎസ്എല്‍ മത്സരത്തോടനുബന്ധിച്ച് നഗരത്തില്‍ ഇന്ന് ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി. പശ്ചിമകൊച്ചി, വൈപ്പിന്‍ ഭാഗങ്ങളില്‍ നിന്നും കളി കാണാനെത്തുന്നവര്‍ വാഹനങ്ങള്‍ ചാത്യാത്ത് റോഡില്‍ പാര്‍ക്കു ചെയ്ത ശേഷം മെട്രോ അടക്കമുളള സംവിധാനങ്ങള്‍ വഴി സ്റ്റേഡിയത്തില്‍ എത്തിച്ചേരേണ്ടതാണ്. പറവൂര്‍, തൃശൂര്‍, മലപ്പുറം എന്നീ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ ആലുവ ഭാഗത്തും, കണ്ടെയ്നര്‍ റോഡിലും അപകടരഹിതമായും ഗതാഗതത്തിന് തടസമില്ലാത്ത രീതിയിലും പാര്‍ക്ക് ചെയ്യാവുന്നതാണ്.
ഇടുക്കി, കോട്ടയം, പെരുമ്പാവൂര്‍ തുടങ്ങിയ കിഴക്കന്‍ മേഖലകളില്‍ നിന്നും വന്നവരുടെ വാഹനങ്ങള്‍ തൃപ്പൂണിത്തുറ, കാക്കനാട് ഭാഗങ്ങളിലും, ആലപ്പുഴ അടക്കമുള്ള തെക്കന്‍ മേഖലകളില്‍ നിന്നും വരുന്നവരുടെ വാഹനങ്ങള്‍ കുണ്ടന്നൂര്‍, വൈറ്റില ഭാഗങ്ങളില്‍ പാര്‍ക്ക് ചെയ്ത ശേഷം പൊതുഗതാഗത സംവിധാനം വഴി സ്റ്റേഡിയത്തിലെത്താം. കാണികളുമായി എത്തുന്ന വലിയ വാഹനങ്ങള്‍ക്ക് നഗരത്തിനുള്ളിലേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല.
വൈകിട്ട് അഞ്ചിനു ശേഷം എറണാകുളം ഭാഗത്ത് നിന്ന് ഇടപ്പള്ളി, ചേരാനല്ലൂര്‍, ആലുവ, കാക്കനാട് ഭാഗങ്ങളിലേക്ക് പോകേണ്ട വാഹനങ്ങള്‍ കലൂര്‍ ജഗ്ഷനില്‍ നിന്നും ഇടത്തോട്ടു തിരിഞ്ഞ് പൊറ്റക്കുഴി മാമംഗലം റോഡ്, ബിടിഎസ് റോഡ്, എളമക്കര റോഡ് എന്നിവ ഉപയോഗപ്പെടുത്തി ഇടപ്പള്ളിയില്‍ എത്തി യാത്ര ചെയ്യേണ്ടതാണ്. ചേരാനല്ലൂര്‍, ഇടപ്പള്ളി, ആലുവ, കാക്കനാട്, പാലാരിവട്ടം ഭാഗത്ത് നിന്ന് എറണാകുളം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങള്‍ വൈറ്റില ജംഗ്ഷന്, എസ്എ റോഡ് വഴി യാത്ര ചെയ്യേണ്ടതാണ്.