‘രജിസ്ട്രേഷന് സമയബന്ധിതമായി പൂര്‍ത്തിയാക്കണം’
1336891
Wednesday, September 20, 2023 5:56 AM IST
പെരുമ്പാവൂര്‍: സംസ്ഥാന വ്യാപകമായി ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം ഡിസംബര്‍ 31ന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് മനുഷ്യാവകാശ പരിസ്ഥിതി സംഘടനയായ മാനവദീപ്തി വിളിച്ചു ചേര്‍ത്ത റസിഡന്‍സ് അസോസിയേഷനുകളുടെയും സന്നദ്ധ സംഘടന പ്രവര്‍ത്തകരുടെയും യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.
വര്‍ധിച്ചുവരുന്ന സാമൂഹ്യ അസ്വസ്ഥതകളെ അതിജീവിക്കുവാനും ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമം ഉറപ്പുവരുത്തുവാനും ലക്ഷ്യമിട്ട് ‘ജനം ഉണരണം പെരുമ്പാവൂര്‍ വളരണം’ എന്ന സന്ദേശമുയര്‍ത്തി മാനവദീപ്തി ആരംഭിച്ചിട്ടുള്ള ജനകീയ കാമ്പയിന്റെ ഭാഗമായിട്ടാണ് യോഗം സംഘടിപ്പിച്ചത്.
സമയബന്ധിതമായി തൊഴിലാളികളുടെ രജിസ്ട്രേഷന് നടപടികള്‍ പൂര്‍ത്തിയാക്കാന്‍ സര്‍ക്കാര്‍ തയാറാകുന്നില്ലെങ്കില്‍ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് മാനവദീപ്തി പ്രസിഡന്റ് വര്‍ഗീസ് പുല്ലുവഴി അറിയിച്ചു.പെരുമ്പാവൂരിലും ആലുവയിലും പ്രാദേശിക നിരീക്ഷണ സമിതികള്‍ക്ക് രൂപംനല്കി നടപ്പാക്കണമെന്നും സന്നദ്ധ സംഘടനകളുടെ യോഗം നിര്‍ദേശിച്ചു.
റവന്യൂ, പോലീസ്, എക്സൈസ്, തൊഴില്‍, ആരോഗ്യം, തദ്ദേശസ്വയംഭരണം എന്നീ വകുപ്പുകളും മലിനീകരണ നിയന്ത്രണ ബോര്‍ഡ് അധികൃതരും ജനപ്രതിനിധികളും സാമൂഹ്യ പ്രവര്‍ത്തകരും ഉള്‍പ്പെടുന്നതാകണം നിരീക്ഷണ സമിതി.