ജെഫ് ജോണിന്റെ ഇതരസംസ്ഥാന ബന്ധങ്ങളെക്കുറിച്ച് അന്വേഷണം
1336665
Tuesday, September 19, 2023 5:40 AM IST
കൊച്ചി: തേവര പെരുമാനൂരിൽനിന്ന് കാണാതായ ജെഫ് ജോണ്‍ ലൂയീസിനെ (27) ഗോവയിലെത്തിച്ചു കൊലപ്പെടുത്തിയ കേസില്‍ ജെഫിന്റെ ഇതരസംസ്ഥാന ബന്ധങ്ങളെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു.
ഇതര സംസ്ഥാനങ്ങളില്‍ ജെഫിന് സൗഹൃദങ്ങള്‍ ഉണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ലോക്ഡൗണ്‍ കാലം മുതല്‍ ഇയാള്‍ പലപ്പോഴും ഗോവയില്‍ താമസിച്ചിട്ടുണ്ട്. അന്ന് ടൂറിസ്റ്റ് ഗൈഡായും ചില ഷോപ്പുകളിലുമൊക്കെ ജെഫ് പ്രവര്‍ത്തിച്ചിരുന്നു. ഇവിടെയെത്തുന്ന മറ്റു സംസ്ഥാനങ്ങളിലുള്ളവരുമായി ഇയാള്‍ സൗഹൃദം സ്ഥാപിച്ചിരുന്നുവെന്നാണ് കണ്ടെത്തല്‍.
കേസില്‍ അറസ്റ്റിലായ കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചാക്കോ (28) പല ക്രിമിനല്‍ കേസുകളിലും ഒളിവില്‍ താമസിച്ചിരുന്നത് ഇതര സംസ്ഥാനങ്ങളിലായിരുന്നു. അനില്‍ ഗോവയില്‍ ഒളിവില്‍ താമസിക്കുന്ന സമയത്താണ് ജെഫുമായി പരിചയപ്പെട്ടതെന്നാണ് അന്വേഷണസംഘം പറയുന്നത്. ഇതിനിടയില്‍ ലഹരി ഇടപാടിലും മറ്റുമായി സാമ്പത്തിക തര്‍ക്കം ഉണ്ടായിരുന്നതും ഇരുവര്‍ക്കുമിടയില്‍ ഭിന്നിപ്പിന് ഇടയാക്കി. മുന്‍വിരോധം നിമിത്തം 2021 നവംബറില്‍ ഗോവയില്‍ പുതിയ ബിസിനസ് ആരംഭിക്കാമെന്നു പറഞ്ഞ് ജെഫിനെ പ്രതികള്‍ ഗോവയിലെത്തിച്ച് ആളൊഴിഞ്ഞ കുന്നിന് ചെരുവില്‍ വച്ച് കല്ലുകൊണ്ട് തലയ്ക്കടിച്ചും കത്തി കൊണ്ട് കഴുത്തില്‍ കുത്തിയും ക്രൂരമായി കൊലപ്പെടുത്തി. മൃതദേഹം വിജനമായ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികള്‍ മൊബൈലും സിമ്മും മാറ്റി കഴിയുകയായിരുന്നു.
ലഹരിക്കേസില്‍ പിടിയിലായ ഒരു പ്രതിയുടെ വെളിപ്പെടുത്തലാണ് ജെഫിന്റെ തിരോധനക്കേസിലെ ചുരുളഴിച്ചത്. ഇത്തരത്തില്‍ കാണാതായ ആളുകളെക്കുറിച്ചുള്ള ഫയലുകള്‍ പോലീസ് പരിശോധിച്ചാണ് ജെഫിന്റെ തിരോധാനക്കേസിലേക്ക് എത്തിയത്. ജെഫിന്റെ മൊബൈല്‍ ഫോണ്‍ രേഖകളും യാത്രാവിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കോട്ടയം വെള്ളൂര്‍ കല്ലുവേലില്‍ വീട്ടില്‍ അനില്‍ ചക്കോ (28), ഇയാളുടെ പിതൃസഹോദരന്റെ മകന് സ്റ്റൈഫിന്‍ തോമസ് (24), വയനാട് വൈത്തിരി പാരാലിക്കുന്ന് വീട്ടില്‍ ടി.വി വിഷ്ണു (25) എന്നിവര്‍ അറസ്റ്റിലായത്.
അതേസമയം വീട്ടില്‍ നിന്നു പോയ ജെഫ് രണ്ടു മൂന്നു തവണ സഹോദരനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രതി അനിലും ജെഫും ഒരേ ഫോണ്‍ ആണ് ഉപയോഗിച്ചിരുന്നതെന്നും പോലീസ് സംശയിക്കുന്നുണ്ട്. 2021 നവംബര്‍, ഡിസംബര്‍ കാലയളവില്‍ ഗോവയില്‍ നടന്ന അസ്വാഭാവികമരണങ്ങളെക്കുറിച്ച് വിവരങ്ങള്‍ ശേഖരിക്കുന്നുണ്ട്. കൂടുതല്‍ ചോദ്യം ചെയ്യലിനുശേഷമാകും പ്രതികളുമായി അന്വേഷണസംഘം ഗോവയിലേക്ക് പോവുക. പ്രതികളെ ചോദ്യം ചെയ്തതില്‍ നിന്ന് രണ്ടു പേര്‍ക്കു കൂടി സംഭവത്തില്‍ പങ്കുണ്ടെന്നാണ് സൂചന.