ജനരക്ഷാ യാത്ര; തുടര്‍നടപടികള്‍ ഹൈക്കോടതി സ്റ്റേ ചെയ്തു
1336663
Tuesday, September 19, 2023 5:40 AM IST
കൊച്ചി: ബിജെപിയുടെ നേതൃത്വത്തില്‍ 2017 ഒക്ടോബറില്‍ നടത്തിയ ജനരക്ഷായാത്രയെ തുടര്‍ന്ന് പാലാരിവട്ടം-കലൂര്‍ റോഡില്‍ ഗതാഗതം തടസപ്പെടുത്തിയെന്നാരോപിച്ച് ബിജെപി സംസ്ഥാന പ്രസിഡന്റായിരുന്ന കുമ്മനം രാജശേഖരനടക്കമുള്ളവര്ക്കെതിരെ പോലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി ആറു മാസത്തേക്ക് സ്റ്റേ ചെയ്തു.
കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കുമ്മനം രാജശേഖരന് നല്കിയ ഹര്‍ജിയില്‍ ജസ്റ്റീസ് പി.വി. കുഞ്ഞികൃഷ്ണനാണ് സ്റ്റേ അനുവദിച്ചത്.
2017 ഒക്ടോബര്‍ 11 ന് വൈകിട്ട് അഞ്ചോടെ കുമ്മനം ഉള്‍പ്പെടെയുള്ള രാഷ്ട്രീയനേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ഗതാഗതം തടസപ്പെടുത്തി കാല്‍നടയാത്ര നടത്തി എന്നാണ് കേസ്.
പിന്നീട് പോലീസ് അന്തിമ റിപ്പോര്‍ട്ട് എറണാകുളം ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഗതാഗതം തടസപ്പെടുത്തിയെന്നു സാക്ഷിമൊഴികളില്ലെന്നും കേസില്‍ അന്നു തങ്ങളെ അറസ്റ്റ് ചെയ്യാതിരുന്നത് ഗതാഗത തടസമുണ്ടായില്ലെന്നതിന് തെളിവാണെന്നും ചൂണ്ടിക്കാട്ടിയാണ് കുമ്മനം ഹര്‍ജി നല്‍കിയത്.