മൂവാറ്റുപുഴ: പെൻഷൻകാരുടെ മണിക്കൂറുകൾ നീണ്ടുനിൽക്കുന്ന ക്യൂവിന് വിരാമമായി. മാത്യു കുഴൽനാടൻ എംഎൽഎയുടെ ഇടപെടലിനെതുടർന്ന് ഡിജിറ്റൽ ടോക്കണ് സംവിധാനം ഏർപ്പെടുത്തിയതോടെയാണ് നിരയിൽ നിൽക്കേണ്ടിവന്നിരുന്ന ദുരിതത്തിന് പരിഹാരമായത്.
മിനി സിവിൽ സ്റ്റേഷനിലെ ജില്ലാ ട്രഷറിയിൽ പ്രതിമാസം നാലായിരത്തോളം പേരാണ് പെൻഷൻ വാങ്ങാനായി എത്തിയിരുന്നത്. ആദ്യം ടോക്കണ് വാങ്ങാനും തുടർന്ന് പണം കൈപ്പറ്റാനുമായുള്ള ക്യൂവിൽ തർക്കവും കലഹവും പതിവായിരുന്നു. ചിലർ ആരോഗ്യപ്രശ്നങ്ങളാൽ കുഴഞ്ഞുവീഴുന്നത് ഇവിടുത്തെ കാഴ്ചയായിരുന്നു. താലൂക്ക് സഭയിലെത്തിയ മാത്യു കുഴൽനാടൻ എംഎൽഎ രോഗികളടക്കമുള്ള പെൻഷൻകാരുടെ ദുരിതം നേരിൽ കണ്ടതോടെയാണ് ഇതിന് പരിഹാരമായി ഡിജിറ്റൽ ടോക്കണ് മെഷീൻ ഏർപ്പെടുത്താൻ തീരുമാനിച്ചത്. എംഎൽഎയുടെ പ്രദേശിക വികസന ഫണ്ട് ഉപയോഗിച്ചാണ് ഡിജിറ്റൽ ടോക്കണ് മെഷീൻ സ്ഥാപിച്ചത്. മെഷീനിന്റെ ഉദ്ഘാടനം എംഎൽഎ നിർവഹിച്ചു.