എസ്എസ്എൽസി: ജില്ലയിൽ വിജയശതമാനത്തിൽ ഇടിവ്
1549313
Saturday, May 10, 2025 12:15 AM IST
തൊടുപുഴ: എസ്എസ്എൽസി പരീക്ഷയിൽ ഇത്തവണ ജില്ലയിൽ വിജയശതമാനത്തിൽ നേരിയ ഇടിവ്. ഇക്കുറി 99.59 ശതമാനമാണ് വിജയം. കഴിഞ്ഞ രണ്ടു വർഷങ്ങളിൽ 99.79, 99.68 എന്നിങ്ങനെയായിരുന്നു വിജയ ശതമാനം. സംസ്ഥാനത്ത് വിജയശതമാനത്തിൽ ഏഴാം സ്ഥാനത്താണ് ജില്ല. കഴിഞ്ഞ വർഷം അഞ്ചാംസ്ഥാനത്തായിരുന്നു.
ജില്ലയിൽ 136 സ്കൂളുകൾ നൂറുമേനി വിജയം കൊയ്തു. കഴിഞ്ഞ വർഷം 145 സ്കൂളുകൾ നൂറുമേനി വിജയം കരസ്ഥമാക്കിയിരുന്നു. ഇത്തവണ 1,272 കുട്ടികൾ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി. 889 പെണ്‍കുട്ടികൾക്കും 383 ആണ്‍കുട്ടികൾക്കുമാണ് ഫുൾ എ പ്ലസ് ലഭിച്ചത്.
ജില്ലയിലെ വിവിധ കേന്ദ്രങ്ങളിലായി 5,769 ആണ്‍കുട്ടികളും 5,446 പെണ്കുട്ടികളുമടക്കം 11,215 കുട്ടികളാണ് പരീക്ഷയെഴുതിയത്. ഇതിൽ 11,169 പേർ ഉപരിപഠനത്തിന് യോഗ്യത നേടി. 46 കുട്ടികൾ പരാജയപ്പെട്ടു. 67 സർക്കാർ സ്കൂളുകളും 62 എയ്ഡഡും ഏഴ് അണ്‍എയ്ഡഡ് സ്കൂളുകളിലുമായാണ് ഇത്രയും വിദ്യാർഥികൾ പരീക്ഷയെഴുതിയത്. സർക്കാർ സ്കൂളുകളിൽ കൂടുതൽ കുട്ടികൾ പരീക്ഷയെഴുതിയത് കല്ലാർ ഗവ. എച്ച്എസ്എസിലാണ്. ഇവിടെ 329 പേർ പരീക്ഷയെഴുതിയതിൽ എല്ലാവരും വിജയിച്ചു. കരിമണ്ണൂർ എസ്ജെഎച്ച്എസ്എസാണ് എയ്ഡഡ് വിഭാഗത്തിൽ ഏറ്റവും കൂടുതൽ വിദ്യാർഥികളെ പരീക്ഷയെഴുതിച്ചത്. ഇവിടെ 347 പേർ പരീക്ഷയെഴുതിയതിൽ ഒരാൾ പരാജയപ്പെട്ടു.
എസ്ജിഎച്ച്എസ് മുക്കുളത്താണ് ഏറ്റവും കുറവ് വിദ്യാർഥികൾ പരീക്ഷയെഴുതിയത്. ഇവിടെ പരീക്ഷയെഴുതിയ രണ്ടുകുട്ടികളും വിജയിച്ചു. എയ്ഡഡ് സ്കൂളുകളിൽ 7,701 പേരിൽ 7,683 പേരും ഉപരിപഠനത്തിന് യോഗ്യത നേടി. 1008 പേർ ഫുൾ എപ്ലസ് നേടി. അണ് എയ്ഡഡ് സ്കൂളുകളിൽ പരീക്ഷയെഴുതിയ 580 പേരും വിജയിച്ചു. 123 പേർ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടി.
സർക്കാർ സ്കൂളുകളിൽ 2,938 പേർ പരീക്ഷയെഴുതി. ഇതിൽ 2,909 പേർ വിജയിച്ചു. 141 പേർക്ക് മുഴുവൻ എ പ്ലസുണ്ട്. തൊടുപുഴ വിദ്യാഭ്യാസ ജില്ലയിൽ 99.5 ശതമാനവും കട്ടപ്പന വിദ്യാഭ്യാസ ജില്ലയിൽ 99.66 ശതമാനവുമാണ് വിജയം.