കൈയേറിയ സ്ഥലം പഞ്ചായത്ത് തിരിച്ചുപിടിച്ചു
1515172
Monday, February 17, 2025 11:53 PM IST
ഉപ്പുതറ: അയ്യപ്പൻകോവിൽ പഞ്ചായത്ത് വക മാട്ടുക്കട്ട മാർക്കറ്റിലെ 8.445 സെന്റ് സ്ഥലം സ്വകാര്യ വ്യക്തി കൈയേറിയതായി കണ്ടെത്തി. ഇടുക്കി താലൂക്ക് സർവേയർ അനിൽ ഡി. നായരുടെ നേതൃത്വത്തിലുള്ള റവന്യൂ സംഘമാണ് കൈയേറ്റം കണ്ടെത്തിയത്. മുൻ പഞ്ചായത്ത് പ്രസിഡന്റ് എ.എൽ. സതീശൻ നൽകിയ പരാതിയിൽ ജില്ലാ കളക്ടറുടെ നിർദേശ പ്രകാരമാണ് സർവേ നടത്തിയത്. തുടർന്ന് തിങ്കളാഴ്ച സ്ഥലം അളന്നുതിരിച്ച് അതിർത്തി കല്ലിട്ടു.
ഉച്ചകഴിഞ്ഞ് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ കൈയേറ്റം ഒഴിപ്പിക്കാനെത്തിയപ്പോൾ ഭൂമിയിൽ അവകാശം ഉന്നയിച്ച് സ്വകാര്യ വ്യക്തി രംഗത്തെത്തി തടസം സൃഷ്ടിക്കുകയും ചെയ്തു. തുടർന്ന് നേരിയ സംഘർഷത്തിന് കാരണമായി. ഉടൻ തന്നെ പഞ്ചായത്ത് പ്രസിഡന്റ് ജയ്മോൾ ജോൺസൻ ഉപ്പുതറ പോലീസിനെ വിളിച്ചു വരുത്തി. സിഐ യുടെ സാന്നിധ്യത്തിൽ വൈകുന്നേരം ചർച്ച ചെയ്ത് പരിഹരിക്കാമെന്ന് പോലീസ് ഉറപ്പു നൽകി.
ഇതോടെ ഒഴിപ്പിക്കൽ നടപടി പഞ്ചായത്ത് തൽക്കാലം നിർത്തിവച്ചു. മാട്ടുക്കട്ടയിൽ മാർക്കറ്റ് തുടങ്ങാൻ സ്വകാര്യ വ്യക്തി സൗജന്യമായി നൽകിയ ഒരേക്കർ സ്ഥലമാണ് പഞ്ചായത്തിന് ഉണ്ടായിരുന്നത്. റോഡ് വികസനത്തിന് വിട്ടുനൽകിയ ശേഷം 72 സെന്റ്് സ്ഥലമാണ് ശേഷിച്ചത്. 2002 ലാണ് കൈയേറ്റം ശ്രദ്ധയിൽപ്പെട്ടത്. പ്രസിഡന്റ്് ജയ്മോൾ ജോൺസൺ പഞ്ചായത്തംഗം ബി. ബിനു, അസി. സെക്രട്ടറി സുനിൽകുമാർ, മുൻ പഞ്ചായ ത്ത് പ്രസിഡന്റ്് എ.എൽ. സതീശൻ എന്നിവരുടെ നേതൃത്വത്തിലാണ് ഭൂമി അളന്നു തിരിച്ചത്.