മോണ്‍. ജോര്‍ജ് ആലുങ്കല്‍ വിരമിക്കുന്നു
1515165
Monday, February 17, 2025 11:53 PM IST
കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപത മുന്‍ പ്രോട്ടോ സിഞ്ചെല്ലൂസ് മോണ്‍. ജോര്‍ജ് ആലുങ്കല്‍ ഇടവക ശുശ്രൂഷയില്‍നിന്നു വിരമിക്കുന്നു. ആനിക്കാട് ഇടവക ആലുങ്കല്‍ ജോണ്‍ വര്‍ക്കി-അന്നമ്മ ദമ്പതികളുടെ മകനാണ്. പാറേല്‍ മൈനര്‍ സെമിനാരിയിലും ആലുവ സെന്റ് ജോസഫ് പൊന്തിഫിക്കല്‍ സെമിനാരിയിലും പരിശീലനം നേടി 1980 ജനുവരി ഒന്നിന് പൗരോഹിത്യം സ്വീകരിച്ചു. അട്ടപ്പള്ളം, അമരാവതി, മുറിഞ്ഞപുഴ, അമലഗിരി, പീരുമേട്, നല്ലതണ്ണി, എരുമേലി, നെയ്യാട്ടുശേരി ഇടവകളില്‍ സേവനം ചെയ്തു. തുടര്‍ന്ന് രൂപത പ്രോട്ടോസിഞ്ചെല്ലൂസായി നിയമിതനായി. സെന്റ് ഡൊമിനിക്സ് കത്തീഡ്രല്‍, പത്തനംതിട്ട, പൊടിമറ്റം ഇടവകകളിലും വികാരിയായി. 2020 ജനുവരിയില്‍ മോണ്‍സിഞ്ഞോര്‍ പദവിയിലേക്കുയര്‍ത്തി.
വിവിധ ഇടവകകളില്‍ പുതിയ ദേവാലയങ്ങള്‍ക്കു പുറമേ സ്കൂളുകള്‍, വൈദികമന്ദിരങ്ങള്‍, ഷോപ്പിംഗ് കോംപ്ലക്സുകള്‍, അഗതിഭവനങ്ങള് എന്നിവ നിര്‍മിച്ചു. ഏവരോടും സൗഹൃദവും സ്നേഹവും പുലര്‍ത്തി വിശ്വാസികളെ ഇടവകയില്‍ ഒറ്റ കൂട്ടായ്മയായി വളര്‍ത്തുന്ന അജപാലനരീതിയാണ് അച്ചന് പുലര്‍ത്തിയത്.
2021 മുതൽ ചെങ്ങളം സെന്റ് ആന്റണീസ് തീര്‍ഥാടന ദേവാലയം വികാരിയായി ശുശ്രൂഷ ചെയ്യുകയായിരുന്നു. ചെങ്ങളം സെന്റ് ആന്റണീസ് ഇടവകയില്‍ മോണ്‍. ജോര്‍ജ് ആലുങ്കല്‍, ഫാ. ബോബി വേലിക്കകത്ത് എന്നിവര്‍ക്ക് ഇന്ന് യാത്രയയപ്പ് നല്‍കും. മോണ്‍. ജോര്‍ജ് ആലുങ്കല്‍ വിശ്രമജീവിതത്തിലേക്ക് പ്രവേശിക്കുകയാണ്. ഫാ. ബോബി വേലിക്കകത്ത് മൈനര്‍ സെമിനാരി പ്രൊക്കുറേറ്ററും രൂപത വൊക്കേഷന്‍ പ്രമോട്ടറും സിഎംഎല്‍ ജോയിന്റ് ഡയറക്ടറുമായി ചുമതലയേല്‍ക്കും.