കാട്ടാനക്കലിയിൽ പകച്ച് മൂന്നാർ
1515171
Monday, February 17, 2025 11:53 PM IST
മൂന്നാർ: കഴിഞ്ഞ ഒരാഴ്ചയ്ക്കിടയിൽ നിരന്തരം കാട്ടാന ആക്രമണങ്ങൾ ഉണ്ടായ സാഹചര്യത്തിൽ മൂന്നാർ തോട്ടംമേഖല പകച്ചുനിൽക്കുകയാണ്. ശനിയാഴ്ച വിദേശ വിനോദ സഞ്ചാരികൾ സഞ്ചരിച്ച വാഹനം കാട്ടാന ആക്രമിച്ചതിനു പിന്നാലെ കഴിഞ്ഞ ദിവസം അതേസ്ഥലത്ത് വീണ്ടും കാട്ടാനയുടെ ആക്രമണമുണ്ടായി.
കൊച്ചി - ധനുഷ്കോടി ദേശീയ പാതയിൽ മൂന്നാറിൽനിന്നു ദേവികുളത്തേക്ക് പോകുന്ന വഴിയിൽ ലാഡ്ബ്രൂക്ക് ബംഗ്ലാവിനു സമീപത്താണ് ആക്രമണം. റോഡിൽ നിലയറുപ്പിച്ച കാട്ടാന അതുവഴി വന്ന പിക്ക്-അപ്പ് വാനാണ് ഇന്നലെ ആക്രമിച്ചത്. വാഹനത്തിന്റെ മുകൾ വശവും മുൻവശത്തെ ചില്ലും തകർന്നു. വാഹനത്തിലുണ്ടായിരുന്ന ഡ്രൈവറും സഹായിയും പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ആക്രമണത്തിനു ശേഷം ആന പിൻവാങ്ങിയതോടെയാണ് ഡ്രൈവറും സഹായിയും രക്ഷപ്പെട്ടത്.
കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നാലു വാഹനങ്ങളാണ് കാട്ടാന ആക്രമിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ച മൂന്നാറിൽനിന്നു മറയൂരിലേക്ക് പോയ ബൈക്കിൽ യാത്രക്കാരിക്കുനേരേ കാട്ടുകൊന്പന്റെ ആക്രമണമുണ്ടായി. യുവതിയുടെ ഇടുപ്പെല്ലിന് ഒടിവുണ്ടായെങ്കിലും യുവതിയും മകനും അത്ഭുതകരമായി രക്ഷപ്പെട്ടു. തൊട്ടടുത്ത ദിവസം തന്നെയാണ് മൂന്നാറിൽനിന്നു തേക്കടിക്ക് പുറപ്പെട്ട വിദേശവിനോദസഞ്ചാരികളുടെ കാർ കാട്ടാന ഉന്തി റോഡിലേക്ക് മറിച്ചിട്ടത്.
ശനിയാഴ്ച രാത്രി മൂന്നാറിൽനിന്നു കന്നിമലയിലുള്ള വീട്ടിലേക്ക മടങ്ങിയ യുവാക്കളെയും കാട്ടാന ആക്രമിച്ചു.
ബൈക്കിൽനിന്നു തെറിച്ചുവീണ യുവാക്കളെ മൂന്നാറിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി. ഇതിനു പിന്നാലെയാണ് ഞായറാഴ്ച ദേവികുളം റോഡിൽ പിക്ക് അപ്പ് വാനിനുനേരേയും കാട്ടാനയുടെ ആക്രമണം ഉണ്ടായത്.
മദപ്പാട് കണ്ടെത്തിയ പടയപ്പയാണ് രണ്ടുവട്ടവും ബൈക്ക് യാത്രികരെ ആക്രമിച്ചത്. ദേവികുളം, കന്നിമല, ലോക്കാട്, നമയക്കാട്, ചെണ്ടുവര, ഗ്രാംസ്ലാൻഡ് എന്നീ എസ്റ്റേറ്റുകളിലാണ് ആന സാന്നിധ്യം ഏറ്റവും രൂക്ഷമായിട്ടുള്ളത്.
കാട്ടാനകളെ നിരീക്ഷിക്കാൻ ആർആർടിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും ആനകളുടെ ആക്രമണം തടയാൻ സാധിക്കാത്ത അവസ്ഥയാണ്.