വേലിയാംപാറയ്ക്കു വേണം, നല്ല പാലവും റോഡും
1515169
Monday, February 17, 2025 11:53 PM IST
അടിമാലി: പഞ്ചായത്തിലെ വേലിയാംപാറ മുതുവാൻകുടിയിൽ അടിസ്ഥാന സൗകര്യങ്ങൾ ഇപ്പോഴും അകലെ. റോഡും പാലവും വിദ്യാഭ്യാസവും ഇവിടെയുള്ളവർക്ക് അന്യമാണ്. ആകെ 15 ഓളം കുടുംബങ്ങൾ മാത്രമാണ് ഇവിടെ താമസിക്കുന്നത്. ഈ കുടിയിലേക്ക് എത്തണമെങ്കിൽ ഒരു നടപ്പാലം മാത്രമാണ് ആശ്രയം. എന്നാൽ ഈ നടപ്പാലത്തിന്റെ അവസ്ഥയും തീർത്തും പരിതാപകരമാണ്.
കുടിയിലേക്ക് വാഹനം വരണമെങ്കിൽ വേനൽക്കാലത്ത് മാത്രമേ സാധിക്കുകയുള്ളു. അതും തോട്ടിലുടെ വാഹനം കടക്കണം. മഴക്കാലമായാൽ വാഹനഗതാഗതം നിലയ്ക്കും. ആകെയുള്ള നടപ്പാലം വശം ഇടിഞ്ഞ് അപകടാവസ്ഥയിലാണ്. രാത്രികാലങ്ങളിൽ ആശുപത്രിയിൽ പോകേണ്ടിവന്നാൽ കസേരയിൽ ഇരുത്തി ചുമന്നാണ് രോഗികളെ കൊണ്ടുപോകുന്നത്. സർക്കാരിന്റേതായി കുടിയിൽ ആകെയുള്ളത് 210 മീറ്റർ കോണ്ക്രീറ്റ് റോഡാണ്. അത് 160 മീറ്റർ മാത്രമാണ് ഇപ്പോൾ കോണ്ക്രീറ്റ് പൂർത്തിയാക്കിയിരിക്കുന്നത്.
വിദ്യാഭ്യാസവും അന്യം
കുടിയിൽനിന്നുള്ള കുട്ടികൾ ഹോസ്റ്റലിൽനിന്നു വേണം പഠിക്കുവാൻ. റോഡിന്റെയും പാലത്തിന്റെയും അഭാവം മൂലം ദിവസേന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പോകാൻ കഴിയില്ല. കുടിയിലേക്ക് ഗോത്രസാരഥി വാഹനവും എത്തിച്ചേരുന്നില്ല.
പാതയിൽ വന്യമൃഗ ആക്രമണവും പതിവായതിനാൽ മാതാപിതാക്കൾ കുട്ടികളെ വിടാറില്ല. തൊട്ടടുത്തുള്ള മാങ്കുളം സ്കൂളിൽ പോയി പഠനം നടത്തിയാലും മഴക്കാലത്ത് കുടിയിൽനിന്നും പുറത്തുപോകാൻ കഴിയില്ല.
വന്യമൃഗ ശല്യം
മേഖലയിൽ കാട്ടാന ഉൾപ്പെടെയുള്ള വന്യമൃഗങ്ങളുടെ ശല്യവും രൂക്ഷമാണ്. കപ്പയും വാഴയും തുടങ്ങി നിരവധി തന്നാണ്ട് കൃഷികൾക്ക് പുറമേ കമുകും കുരുമുളകും ഏലവും കൃഷി ചെയ്തിരുന്ന സ്ഥലമാണ്. വന്യമൃഗശല്യം കാരണം ഈ കൃഷികളെല്ലാം നിലച്ചു. ഇപ്പോൾ ആകെയുള്ളത് കുരുമുളകും ഏലവും മാത്രമാണ്. അതും ചിലപ്പോൾ കാട്ടാനകൾ നശിപ്പിക്കും.
ദിവസവും വൈകുന്നേരം പ്രദേശത്ത് കാട്ടാനകൾ ഇറങ്ങും. കുറച്ചുനാൾ മുന്പ് ഇവിടെ ഉണ്ടായിരുന്ന ക്ഷേത്രം ആന തകർത്തിരുന്നു. പ്രതിരോധമായി ഫെൻസിംഗ് നിർമിക്കണമെന്നാണ് ഇവരുടെ ആവശ്യം. ട്രഞ്ച് നിർമാണം ആരംഭിച്ചെങ്കിലും പാതിവഴിയിൽ നിലച്ചു.
കാട്ടാനശല്യം കൂടുതലായതിനാൽ ഹൈമാസ്റ്റ് ലൈറ്റും വഴി വിളക്കുകളും വേണമെന്നാണ് മറ്റൊരാവശ്യം. നിലവിൽ കുടിയിൽ ആറ് വഴിവിളക്കുകൾ ഉണ്ടെങ്കിലും ഒരെണ്ണം മാത്രമാണ് പ്രവർത്തിക്കുന്നത്. ഈ ആവശ്യങ്ങളെല്ലാം ഉന്നയിച്ചു നിരവധി തവണ പഞ്ചായത്തിനും വിവിധ അധികൃതർക്കും നിവേദനം നൽകിയെങ്കിലും ഒന്നിനും പരിഹാരം കണ്ടിട്ടില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.