കട്ടപ്പന ഫയർസ്റ്റേഷന് പുതിയ കെട്ടിടം: നാലു കോടി രൂപ അനുവദിച്ചെന്ന് മന്ത്രി റോഷി
1515177
Monday, February 17, 2025 11:53 PM IST
തിരുവനന്തപുരം: കട്ടപ്പന ഫയർ സ്റ്റേഷന് പുതിയ കെട്ടിടം നിർമിക്കുന്നതിന് നാലു കോടി രൂപയുടെ ഭരണാനുമതി നൽകിയതായി മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. കട്ടപ്പനയുടെ ചിരകാല അഭിലാഷമായിരുന്ന ഈ ആവശ്യത്തിന് കഴിഞ്ഞ ബജറ്റിൽ പ്രാഥമിക പ്രവർത്തനങ്ങൾക്ക് തുക നീക്കിവച്ചിരുന്നു.
തുടർന്ന് പൊതു മരാമത്ത് വകുപ്പ് എസ്റ്റിമേറ്റ് തയാറാക്കി അനുമതിക്ക് സമർപ്പിക്കുകയായിരുന്നു.
എസ്റ്റിമേറ്റ് അംഗീകരിച്ച് നാലു കോടി രൂപയ്ക്ക് അത്യാധുനിക സൗകര്യങ്ങളോടെയുള്ള കെട്ടിടം നിർമിക്കുന്നതിന് ഭരണാനുമതി നൽകുകയായിരുന്നു. നിലവിൽ വാടകക്കെട്ടിടത്തിലാണ് കട്ടപ്പന ഫയർ സ്റ്റേഷന് പ്രവർത്തിക്കുന്നത്.
കട്ടപ്പന നഗരസഭയുടെ ഉടമസ്ഥതയിൽ അന്പലക്കവലയിലുള്ള 20 സെന്റ് സ്ഥലത്താണ് കട്ടപ്പനഫയർ ആൻഡ് റെസ്ക്യു സ്റ്റേഷൻ നിർമിക്കുന്നത്. ഈ സ്ഥലം നഗരസഭ സൗജന്യമായി വിട്ട് നൽകിയതാണ്.
2015 ൽ കട്ടപ്പന ഗ്രാമ പഞ്ചായത്തായിരുന്ന കാലത്താണ് ഫയർ സ്റ്റേഷന് ഓഫീസ് കെട്ടിടം നിർമിക്കുന്നതിന് സ്ഥലം വിട്ടുനൽകുവാൻ സർക്കാർ ഉത്തരവായത്. 2021ലാണ് സ്ഥലം വിട്ടുകൊടുത്തുകൊണ്ടുള്ള രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കിയത്. 1984ലാണ് കട്ടപ്പനയിൽ ഫയർ സ്റ്റേഷൻ അനുവദിച്ചത്.