മരങ്ങൾ കടത്താൻ ശ്രമം: നടപടിയില്ലെന്നു പരാതി
1515175
Monday, February 17, 2025 11:53 PM IST
രാജാക്കാട്: ബൈസണ്‍വാലി നെല്ലിക്കാടിന് സമീപത്തെ കൃഷിയിടത്തിൽനിന്ന് പട്ടാപ്പകൽ മരങ്ങൾ വെട്ടിക്കടത്താൻ ശ്രമിച്ചവർക്കെതിരേ പരാതി നൽകിയിട്ടും പോലീസും വനംവകുപ്പും നടപടി സ്വീകരിക്കുന്നില്ലെന്ന് ഉടമയുടെ ആക്ഷേപം. വിദേശത്ത് ജോലി ചെയ്യുന്ന ആലുവ സ്വദേശി അശോക് പരിയാരത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയിൽനിന്ന് ഒരാഴ്ച മുൻപാണ് ഏഴംഗസംഘം മരങ്ങൾ മുറിച്ചു കടത്താൻ ശ്രമിച്ചത്. വെട്ടിയിട്ട മരങ്ങൾ കഷണങ്ങളാക്കി വാഹനത്തിൽ കയറ്റിയപ്പോഴാണ് നാട്ടുകാരിൽ ചിലർ ഈ വിവരം അറിഞ്ഞ് ഇവിടെ എത്തിയത്.
ഉടമ മരങ്ങൾ തങ്ങൾക്ക് വിൽപ്പന നടത്തിയെന്നായിരുന്നു മോഷണസംഘം നാട്ടുകാരോട് പറഞ്ഞത്. സംശയം തോന്നിയ നാട്ടുകാരിൽ ചിലർ വിദേശത്തുള്ള അശോകിനെ ഫോണിൽ ബന്ധപ്പെട്ട് വിവരം തിരക്കിയപ്പോഴാണ് മോഷണശ്രമം തിരിച്ചറിഞ്ഞത്. തുടർന്ന് വാഹനത്തിൽ കയറ്റിയ തടി പുറത്തേക്ക് തള്ളിയിട്ട് പ്രതികൾ വാഹനവുമായി രക്ഷപ്പെട്ടു. മരങ്ങൾ മുറിച്ചിട്ടതിനാൽ അശോകന്റെ കൃഷിയിടത്തിലെ ഏലച്ചെടികളും നശിച്ചു.
സംഭവത്തിൽ രാജാക്കാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ഇതുവരെ കേസെടുത്തിട്ടില്ലെന്നാണ് അശോക് പറയുന്നത്. തുടർന്ന് ജില്ലാ പോലീസ് മേധാവിക്കും പരാതി നൽകിയെങ്കിലും നടപടി ഉണ്ടായില്ല. പ്രതികൾ മരങ്ങൾ മുറിച്ചുകടത്താൻ ശ്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങൾ സഹിതം പോലീസിൽ പരാതി നൽകിയിട്ടും നടപടി സ്വീകരിക്കാത്തതിനാൽ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി നൽകിയിരിക്കുകയാണ് അശോക്.