ഇടുക്കി മെഡിക്കല്‍ കോളജിൽ സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ ഉടന്‍
1515176
Monday, February 17, 2025 11:53 PM IST
ചെറുതോണി: ഇടുക്കി മെഡിക്കല്‍ കോളജില്‍ പി ജി കഴിഞ്ഞ 50 സ്പെഷാലിറ്റി ഡോക്ടര്‍മാര്‍ സീനിയര്‍ റെസിഡന്റുമാരായി ചുമതലയേല്‍ക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോര്‍ജിന്റെ മെഡിക്കല്‍ കോളജ് വികസനസമിതി പ്രതിനിധി സി.വി. വര്‍ഗീസ് അറിയിച്ചു.
ഇവര്‍ക്കുള്ള താമസ സൗകര്യങ്ങളുടെ ക്രമീകരണവും ഉറപ്പു വരുത്തിയിട്ടുണ്ട്. ഇടുക്കി മെഡിക്കല്‍ കോളജിന്റെയും നഴ്സിംഗ് കോളജിന്റെയും അടിസ്ഥാന സൗകര്യങ്ങളില്‍ ഉണ്ടായിരുന്ന തടസം മാറ്റിയെടുക്കുന്നതിനായി 10ന് ആരോഗ്യ വകുപ്പ് മന്ത്രിയുടെയും മന്ത്രി റോഷി അഗസ്റ്റിന്റെയും നേതൃത്വത്തില്‍ തിരുവനന്തപുരത്ത് ജനപ്രതിനിധികളുടെയും ആരോഗ്യ വകുപ്പ് ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു.
പ്രതിദിനം രണ്ടായിരത്തോളം രോഗികളാണ് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തുന്നത്. മന്ത്രി റോഷി അഗസ്റ്റിന്, ജില്ലാ കളക്ടര്‍ വി. വിഗ്നേശ്വരി, സ്പെഷല്‍ ഓഫീസര്‍ ഡോ. ഹേമലത, എഡിഎം ഷൈജു പി. ജേക്കബ്, പ്രിന്‍സിപ്പൽ ടോമി മാപ്പലകയില്‍, നഴ്സിംഗ് കോളജ് പ്രിന്‍സിപ്പള്‍ ഡോ. സുലോചന ഉള്‍പ്പെടുന്ന ഉന്നത സംഘത്തിന്റെ ദൈനംദിന ഇടപെടലും ശ്രദ്ധയും മെഡിക്കല്‍ കോളജിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രത്യേകമായി ലഭിക്കുന്നുണ്ടെന്നും സി.വി. വര്‍ഗീസ് പറഞ്ഞു.