കെസിവൈഎം അഖിലകേരള വടംവലി: അടിമാലി യുവ ഫ്രണ്ട്സ് ജേതാക്കൾ
1515170
Monday, February 17, 2025 11:53 PM IST
രാജാക്കാട്: കെസിവൈഎം ഇടുക്കി രൂപതാ സമിതിയുടെ കീഴിലുള്ള രാജാക്കാട്, കുഞ്ചിത്തണ്ണി മേഖലകളുടെ നേതൃത്വത്തിൽ നടത്തിയ അഖിലകേരളാ വടംവലി മത്സരത്തിൽ അടിമാലി യുവ ഫ്രണ്ട്സ് ജേതാക്കളായി. അരലക്ഷം രൂപ അവാർഡും ട്രോഫിയും സമ്മാനിച്ചു. രണ്ടാം സ്ഥാനം നേടിയ ക്രിസ്ത്യൻ ബ്രദേഴ്സ് പൂമാംകണ്ടം ടീമിന് നാല്പതിനായിരം രൂപയും ട്രോഫിയും മൂന്നാം സ്ഥാനക്കാരായ ന്യൂ സെവൻസ് വെള്ളിലാംകണ്ടം ടീമിന് മുപ്പതിനായിരം രൂപയും ട്രോഫിയും നാലാം സ്ഥാനക്കാരായ എവർഷൈൻ കൊണ്ടോട്ടി ടീമിന് ഇരുപതിനായിരം രൂപയും ട്രോഫിയും സമ്മാനിച്ചു. അഞ്ചുമുതൽ എട്ടുവരെ സ്ഥാനക്കാർക്ക് പതിനായിരം രൂപയും ഒൻപതുമുതൽ 16 വരെ സ്ഥാനക്കാർക്ക് അയ്യായിരം രൂപയും മത്സരിച്ച എല്ലാ ടീമുകൾക്കും പണക്കിഴികളും നൽകി.
രാജാക്കാട് ക്രിസ്തുരാജാ ഫൊറോന പള്ളി മൈതാനിയിൽ നടന്ന മത്സരം എം.എം. മണി എംഎൽഎ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് എബിൻ കച്ചിറ അധ്യക്ഷത വഹിച്ചു. ഇടുക്കി രൂപത വികാരി ജനറാൾ മോണ്‍. ഏബ്രഹാം പുറയാറ്റ്, കെസിവൈഎം ഇടുക്കി രൂപത ഡയറക്ടർ ഫാ. ജോസഫ് നടുപ്പടവിൽ, രൂപത പ്രസിഡന്റ് ജെറിൻ ജെ. പട്ടാംകുളം, ജനറൽ സെക്രട്ടറി സാം സണ്ണി, രാജാക്കാട് ക്രിസ്തുരാജ ഫൊറോന പള്ളി വികാരി ഫാ. മാത്യു കരോട്ടുകൊച്ചറയ്ക്കൽ, രാജാക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് നിഷ രതീഷ്, എസ്എംവൈഎം സംസ്ഥാന പ്രസിഡന്റ് അലക്സ് പുളിമൂട്ടിൽ, മർച്ചന്റ്സ് അസോസിയേഷൻ ട്രഷറർ വി.സി. ജോണ്സണ്, കെസിവൈഎം മേഖലാ ഡയറക്ടർ ഫാ. ജോസ് പുതിയാപറന്പിൽ, രൂപത ആനിമേറ്റർ സിസ്റ്റർ ലിന്റ എസ്എബിഎസ് തുടങ്ങിയവർ പ്രസംഗിച്ചു.
കെസിവൈഎം ഇടുക്കി രൂപത നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ധനശേഖരണാർഥമാണ് വടംവലി മത്സരം സംഘടിപ്പിച്ചത്. ചടങ്ങിൽ ചികിത്സാ ധനസഹായമായ ഒരു ലക്ഷം രൂപ രോഗികളുടെ ബന്ധുക്കൾക്ക് കൈമാറി.
കൂപ്പണ്‍ മുഖാന്തരം സ്വരൂപിക്കുന്ന ബാക്കി തുകയും ചികിത്സാ സഹായത്തിനായി നൽകുമെന്ന് സംഘാടകർ അറിയിച്ചു. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട്, കോഴിക്കോട്, തൃശൂർ, മലപ്പുറം ജില്ലകളിൽനിന്നുള്ള 49 ടീമുകളാണ് മത്സരിച്ചത്. 450 കിലോഗ്രാം വിഭാഗത്തിലാണ് മത്സരങ്ങൾ നടത്തിയത്.