ഫസ്റ്റ് റെസ്പോണ്‍സ് വാഹനമില്ലാതെ നെടുങ്കണ്ടം ഫയർ ഫോഴ്സ്
1514850
Sunday, February 16, 2025 11:53 PM IST
നെടുങ്കണ്ടം: അടിയന്തര ഘട്ടങ്ങളില്‍ ഉപയോഗിക്കുന്ന എഫ്ആര്‍വി (ഫസ്റ്റ് റെസ്പോണ്‍സ് വെഹിക്കിള്‍) ലഭ്യമാക്കണമെന്ന നെടുങ്കണ്ടം ഫയർ ഫോഴ്സിന്റെ ആവശ്യം പരിഗണിക്കുന്നില്ല. നിലവില്‍ ഒരു എംടിയു (മൊബൈല്‍ ടാങ്ക് യൂണിറ്റ്) വാഹനം മാത്രമാണ് ഇവിടെ ആകെ ഉള്ളത്. 4500 ലിറ്റര്‍ ജലം സംഭരിച്ച് വച്ചിട്ടുള്ള ഈ വലിയ വാഹനമാണ് അടിയന്തര ഘട്ടങ്ങളില്‍ ഓടിയെത്തുന്നത്. വീതി കുറഞ്ഞ റോഡിലാണെങ്കില് ഇൗ വാഹനം എത്തുകയുമില്ല.
ജില്ലയിലെ തന്നെ ഏറ്റവും വിസ്തൃതമായ സേവന പരിധിയുള്ള നെടുങ്കണ്ടം ഫയർ ഫോഴ്സാണ് ദൈനംദിന കാര്യങ്ങള്‍ക്ക് പോലും വാഹനമില്ലാതെ ബുദ്ധിമുട്ടുന്നത്. 45 കിലോമീറ്ററോളം ദൂരത്തില്‍ വരെയുള്ള ഏഴ് പഞ്ചായത്തുകളാണ് സേനയ്ക്ക് കീഴിലുള്ളത്. ആകെ ഉണ്ടായിരുന്ന ഒരു ഫസ്റ്റ് റെസ്പോണ്‍സ് വാഹനം അടിമാലി, കട്ടപ്പന സ്റ്റേഷനുകളില്‍നിന്നു താത്കാലികമായി നല്‍കിയിരുന്നതാണ്. ഇതു തിരികെ കൊണ്ടുപോയതോടെയാണ് പ്രതിസന്ധി ഉണ്ടായത്. രണ്ട് എംടിയു വാഹനങ്ങള്‍ ഉണ്ടായിരുന്നതില്‍ ഒന്ന് 15 വര്‍ഷ കാലാവധി പൂര്‍ത്തിയാക്കിയതോടെ ഒന്നര വര്‍ഷത്തോളമായി ഷെഡില്‍ കയറ്റിയിരിക്കുകയാണ്.
സേനയ്ക്ക് പുതിയ കെട്ടിടത്തിന് ഫണ്ട് അനുവദിച്ചതിനൊപ്പം തന്നെ പണി പൂര്‍ത്തിയായാല്‍ പുതിയ വാഹനങ്ങള്‍ നല്‍കുമെന്നും എംഎല്‍എ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ കെട്ടിടം പണിയുടെ ടെന്ഡന് നടപടികള്‍ പോലും നടന്നുവരുന്നതേയുള്ളൂ എന്നാണ് സൂചന. പുതിയ വാഹനം ലഭിക്കുന്നതുവരെ താത്കാലികമായെങ്കിലും മറ്റൊരു വാഹനം നല്‍കണമെന്നാണ് സേനാംഗങ്ങളുടെ ആവശ്യം.