മാലിന്യം തരംതിരിക്കൽ: പഞ്ചായത്തുകൾക്ക് നഷ്ടം കോടികൾ
1514849
Sunday, February 16, 2025 11:53 PM IST
കുമളി: ശേഖരിക്കുന്ന മാലിന്യം തരംതിരിക്കലിനായി പഞ്ചായത്തുകൾ വർഷംതോറും മുടക്കുന്നത് കോടികൾ. വിവിധ വികസന പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കേണ്ട തുകയാണ് ഇത്തരത്തിൽ വിനിയോഗിക്കുന്നതുമൂലം പഞ്ചായത്തുകൾക്ക് നഷ്ടമാകുന്നത്. ഒരു കിലോ മാലിന്യം തരംതിരിക്കുന്നതിന് കിലോക്ക് 10.40 രൂപയാണ് ക്ലീൻ കേരള കന്പനിക്ക് പഞ്ചായത്തുകൾ നൽകുന്നത്. ജൈവവും അജൈവുമായ മാലിന്യങ്ങൾ തരംതിരിച്ച് വേണം സ്ഥാപനങ്ങളിൽനിന്നും വീടുകളിൽനിന്നും നൽകേണ്ടത്.
മാലിന്യ പ്ലാന്റുകളിൽ ദിവസേന പല തരത്തിലുള്ള ടണ്‍ കണക്കിന് മാലിന്യങ്ങളാണെത്തുക. തരംതിരിക്കാതെ പ്ലാന്റിൽ എത്തിയാൽ ഇവയുടെ സംസ്കരണം തന്നെ അവതാളത്തിലാകും. ഇതോടെ മാലിന്യങ്ങൾ പ്ലാന്റിൽ കുമിഞ്ഞുകൂടുന്ന അവസ്ഥയും ഉണ്ടാകും. കുമളി പഞ്ചായത്തിന്റെ മാലിന്യപ്ലാന്റിൽ പലപ്പോഴും ഈ പ്രതിസന്ധി ഉണ്ടായിട്ടുണ്ട്.
2024 ഒക്ടോബർ മുതലുള്ള മൂന്ന് മാസക്കാലയളവിൽ കുമളി പഞ്ചായത്ത് മാലിന്യം തരംതിരിക്കുന്നതിന് ക്ലീൻ കേരള കന്പനിക്ക് നൽകിയത് 21 ലക്ഷം രൂപയാണ്. ഒരു വർഷത്തെ കണക്കെടുക്കുന്പോൾ ഇത് കോടികളാകുമെന്ന് കുമളി പഞ്ചായത്ത് സെക്രട്ടറി ആർ. അശോക് കുമാർ പറഞ്ഞു. ചെലവിനത്തിൽ മറ്റ് പഞ്ചായത്തുകളുടെയും സ്ഥിതി വ്യത്യസ്തമല്ല. തുടർച്ചയായ ബോധവത്കരണം നടത്തിയിട്ടും വൻകിട സ്ഥാപനങ്ങൾ വരെ മാലിന്യങ്ങൾ തരംതിരിക്കാതെ നല്‍കുന്നുണ്ടെന്ന് സെക്രട്ടറി പറഞ്ഞു.
കുമളി പഞ്ചായത്ത് സെക്രട്ടറി, അസിസ്റ്റന്റ് എൻജനിയർ എന്നിവരടങ്ങുന്ന സംഘം മാലിന്യം ശേഖരിക്കുന്ന സ്ഥാപനങ്ങളിലെത്തി കളിഞ്ഞ ദിവസം മിന്നൽ പരിശോധന നടത്തി. കുമളി കൊളുത്തു പാലത്തിന് സമീപമുള്ള റിസോർട്ടിലെത്തി ഇവിടെനിന്നും പഞ്ചായത്തിന്റെ ലോറിയിൽ കയറ്റിയ മാലിന്യങ്ങൾ താഴെ ഇറക്കി പരിശോധിച്ചു.
പ്ലാസ്റ്റിക് ഗ്ളാസുകളും പേപ്പർ ഗ്ലാസുകളടക്കമുള്ളവ വേർതിരിക്കാതെ പ്ലാസ്റ്റിക് സഞ്ചിയിൽ നിക്ഷേപിച്ചതായി കണ്ടെത്തി. സ്ഥാപനത്തിന്റെ ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി സെക്രട്ടറി നിയമലംഘനം ബോധ്യപ്പെടുത്തി. ഈ സ്ഥാപനത്തിന് നോട്ടീസ് നൽകുമെന്നും സെക്രട്ടറി അറിയിച്ചു.
കൊളുത്തു പാലത്തിന് സമീപം റോഡരികിൽ മാലിന്യം വലിച്ചെറിഞ്ഞയാൾക്ക് പതിനായിരം രൂപ പഞ്ചായത്ത് പിഴയിട്ടിരുന്നു. ഇതിന്റെ വീഡിയോ പഞ്ചായത്തിന് ലഭിച്ചിരുന്നു. മാലിന്യങ്ങൾ വലിച്ചെറിയുന്നവരെ കണ്ടെത്താൻ സഹായിക്കുന്ന വീഡിയോ ഫോട്ടോ വാട്സാപ്പിൽ പഞ്ചായത്തിലേക്ക് നൽകുന്നവർക്ക് 2500 രൂപ സമ്മാനമായി ലഭിക്കും.