പാതിവില തട്ടിപ്പ് പരാതിയുമായി ഇരകൾ; പോലീസ് രസീത് നൽകുന്നില്ലെന്ന്
1514848
Sunday, February 16, 2025 11:53 PM IST
രാജാക്കാട്: പാതിവിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും വാഗ്ദാനം ചെയ്ത് നടത്തിയ തട്ടിപ്പിൽ കൂടുതൽ പേർ പരാതിയുമായി രംഗത്ത്. രാജാക്കാട് പഞ്ചായത്ത് പരിധിയിലുള്ള 500-ഓളം പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും 15,000 മുതൽ രണ്ടു ലക്ഷം വരെയും പലർക്കും നഷ്ടമായിട്ടുണ്ടെന്നും തട്ടിപ്പിനിരയായ ബാബു കൊച്ചുപുരയ്ക്കൽ, നന്ദകുമാർ ചൂഴിക്കര, സലിം പാറയ്ക്കൽ എന്നിവർ പറഞ്ഞു.
സീഡിന്റെ പ്രമോട്ടറേയും സെക്രട്ടറിമാരെയും വിശ്വസിച്ചാണ് പണം നൽകിയത്. നിലവിൽ പണം അടപ്പിച്ച പ്രമോട്ടറിൽനിന്നും സെക്രട്ടറിയിൽനിന്നും പറഞ്ഞ വാഹനമോ ഉപകരണങ്ങളോ അടച്ച പണമോ തിരികെ ലഭിച്ചില്ല. നേരത്തേ ജനപ്രതിനിധിയായിരുന്ന വ്യക്തിയും നിലവിൽ പൊതുരംഗത്ത് പ്രവർത്തിക്കുന്നവരും കുടുംബശ്രീ, സിഡിഎസ് പോലുള്ള സംഘടനകളിൽ പ്രവർത്തിക്കുന്നവരുമാണ് പ്രമോട്ടർ സ്ഥാനത്തും സെക്രട്ടറി സ്ഥാനത്തുമുള്ളത്. ഇവരെ വിശ്വസിച്ചാണ് ജനങ്ങൾ പണം നൽകിയത്. ഇവരിൽനിന്നു നീതികിട്ടിയില്ല.
ഈ സാഹചര്യത്തിൽ രാജാക്കാട് പോലീസ് സ്റ്റേഷനിൽ പരാതി കൊടുത്തെങ്കിലും രസീതു തരുന്നതിനു പോലും പോലീസ് തയാറാകുന്നില്ലെന്നു പരാതിക്കാർ ആരോപിച്ചു.
തട്ടിപ്പ് നടത്തിയവർ രാഷ്ട്രീയ കക്ഷികളുടെ ഒത്താശയോടെ കേസ് ഒതുക്കാനുള്ള ശ്രമത്തിലാണെന്നും പോലീസും ഇവരെ സഹായിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നതെന്നു സംശയമുണ്ടെന്നും ഇവർ ആരോപിച്ചു. തട്ടിപ്പിനിരയായവരിൽ പലരും നാണക്കേടു മൂലം പരാതി നൽകാൻ തയാറായിട്ടില്ല. തങ്ങളുടെ പണം പ്രമോട്ടറും സെക്രട്ടറിയും തിരികെ തരാൻ തയാറാകണമെന്നും അല്ലാത്തപക്ഷം സമരം ആരംഭിക്കുമെന്നും ഇവർ പറഞ്ഞു.
മറയൂരിലും
കബളിപ്പിക്കപ്പെട്ടവർ നിരവധി
മറയൂർ: പാതിവില പദ്ധതിയിൽ കബളിപ്പിക്കപ്പെട്ട സ്ത്രീകളിൽ ഭൂരിഭാഗവും ഇപ്പോഴും പ്രതീക്ഷയോടെ കാത്തിരിക്കുന്നു. വാഗ്ദാനംചെയ്ത സ്കൂട്ടറും മറ്റും ലഭിക്കും എന്ന പ്രതീക്ഷയിൽ കേസ് കൊടുക്കാത്തവരുമുണ്ട്. തട്ടിപ്പുതുക 1000 കോടി കവിഞ്ഞിട്ടും പ്രതീക്ഷ ഇവർ കൈവിടുന്നില്ല. മറയൂർ പോലീസ് സ്റ്റേഷൻ പരിധിയിൽ മറയൂരിൽ 41 പേരും കാന്തല്ലൂരിൽ 79 പേരുമാണ് ഇരുചക്രവാഹനം പകുതിവിലയ്ക്ക് ലഭിക്കുമെന്ന പ്രതീക്ഷയിൽ 60,000 രൂപ വീതം അടച്ച് കാത്തിരിക്കുന്നത്.
40 പരാതികളാണ് ഇതുവരെ മറയൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിൽ ഏഴു കേസുകളിൽ പരാതിക്കാരുടെ മൊഴിയെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്തു.
ഇനിയും ഒട്ടേറെപ്പേർ പരാതി നല്‍കാതെ മാറിനില്‍ക്കുകയാണ്. കേസെടുത്ത ഏഴു കേസുകളിൽ ഒന്ന് ക്രൈംബ്രാഞ്ചിന് കൈമാറുമെന്ന് മറയൂർ പോലീസ് ഇൻസ്പെക്ടർ ടി.ആർ. ജിജു പറഞ്ഞു. മാശിവയൽ സ്വദേശിനി ശ്രീമണി നല്കിയ പരാതി ക്രൈംബ്രാഞ്ച് നേരിട്ട് അന്വേഷിക്കുമെന്നും മറ്റ് കേസുകളിൽ അന്വേഷണം നടന്നുവരുകയാണെന്നും ഇൻസ്പെക്ടർ പറഞ്ഞു.
എന്നാൽ, പണം നഷ്ടപ്പെട്ടവരോട് പരാതി നൽകരുതെന്ന് കോ-ഒാർഡിനേറ്റർ പറഞ്ഞതായും പറയുന്നുണ്ട്. മറയൂർ, കാന്തല്ലൂർ പഞ്ചായത്തുകളിലായി തട്ടിപ്പിനിരയായത് 120ഓളം പേരുണ്ടെന്നാണ് സൂചന. ഇവരെല്ലാവരും തന്നെ ഗുണഭോക്തൃ വിഹിതമായി 60,000 രൂപയും നൽകിയിരുന്നു.
സിപിഎം നേതാക്കൾക്കെതിരേ കേസെടുക്കണമെന്ന്
നെടുംകണ്ടം: കരുണാപുരം പഞ്ചായത്തില്‍നിന്നു പകുതി വിലയ്ക്ക് ഇരുചക്ര വാഹനങ്ങളും ഗൃഹോപകരണങ്ങളും വാഗ്ദാനം നല്കി ലക്ഷങ്ങള്‍ തട്ടിയ സിപിഎം നേതാവ് പി.പി. സുശീലനെതിരേയും രണ്ട് എല്‍ഡിഎഫ് പഞ്ചായത്ത് മെംബര്മാര്ക്കെതിരേയും കേസെടുക്കണമെന്ന് ആവശ്യപ്പെട്ടു കോണ്‍ഗ്രസ് കരുണാപുരം മണ്ഡലം കമ്മിറ്റികൂട്ടാറില് പ്രതിഷേധയോഗം ചേര്‍ന്നു.
യോഗം കെപിസിസിസെക്രട്ടറി അഡ്വ. എം.എന്‍. ഗോപി. ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ് കെ.കെ. കുഞ്ഞുമോന്, അഡ്വ. സേനാപതി വേണു, സി.എസ്. യശോധരന്, ജി. മുരളീധരന്, മുകേഷ് മോഹൻ, സുനില്‍ കൊല്ലക്കാട്ട്, സുനില്‍ പൂതക്കുഴി എന്നിവര്‍ പ്രസംഗിച്ചു.