ഇടുക്കി മെഡിക്കൽ കോളജിൽ രണ്ടാം വർഷ ബാച്ചിനായി ഒരുക്കങ്ങൾ സജീവം
1281869
Tuesday, March 28, 2023 10:56 PM IST
ചെറുതോണി: ഇടുക്കി മെഡിക്കൽ കോളജിൽ 2023-2024 വർഷത്തേക്കുള്ള ബാച്ചിന് അംഗീകാരം ലഭിച്ചതോടെ കൂടുതൽ സൗകര്യങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ ഒരുക്കുന്നതിനു നടപടികൾ ആരംഭിച്ചു. 90 ലക്ഷം രൂപ ചെലവു പ്രതീക്ഷിക്കുന്ന ഉപകരണങ്ങളാണ് ഏപ്രിൽ അവസാന വാരത്തോടെ പൂർണ സജ്ജമാകുന്നത്.
സൈക്യാട്രി വിഭാഗത്തിലേക്ക് ഓർഡർ ചെയ്തിരിക്കുന്ന ഇസിടി മെഷീൻ 31നു മുന്‍പ് മെഡിക്കൽ കോളജിൽ എത്തും. ജനറൽ മെഡിസിൻ വിഭാഗത്തിൽ രണ്ടു സീക്വൻഷ്യൽ കംപ്രഷൻ ഡിവൈസ്കാഫ് പന്പ്, പീഡിയാട്രിക് വിഭാഗത്തിൽ ന്യൂബോണ്‍ മാനി ക്വിൻ ഒഫ്താൽ മോസ്കോപ്പ്, അനാട്ടമി വിഭാഗത്തിൽ ബോഡി എംബാമിംഗ് മെഷീൻ, ബയോകെമിസ്ട്രി വിഭാഗത്തിൽ സെമി ഓട്ടോ അനലൈസർ, ഗൈനക്കോളജി വിഭാഗത്തിൽ കാർഡിയാക് മോണിറ്റർ, രണ്ടു സിടിജി മെഷീൻ, സ്പോട്ട് ലൈറ്റ്, ഒഫ്ത്താൽമോളജി വിഭാഗത്തിൽ നോണ്‍ കോണ്ടാക്ട് ടോണോമീറ്റർ റേഡിയോ, ഡയഗ്നോസിസ് വിഭാഗത്തിൽ ഡി ഹൂമി ഡി ഫയർ, അനസ്തേഷ്യ വിഭാഗത്തിൽ ഇടിഒ സ്റ്റെറിലൈസർ, ഇഎൻടി വിഭാഗത്തിൽ പൂജ്യം ഡിഗ്രി, 30 ഡിഗ്രി, 45 ഡിഗ്രി എൻഡോസ്കോപ്പുകൾ, മൈക്രോ ബയോളജി വിഭാഗത്തിൽ ഹൊറിസോൻഡൽ സിലിണ്ടറിക്കൽ ഓട്ടോ ക്ലേവ്, പതോളജി വിഭാഗത്തിൽ ട്രൈനോകുലം, കൂടാതെ വിവിധ ആശുപത്രി ഉപകരണങ്ങൾ, സാമഗ്രികൾ ഇവക്കെല്ലാം കൂടിയാണ് 90 ലക്ഷം രൂപയുടെ ചെലവ് പ്രതീക്ഷിക്കുന്നത്.
ദേശീയ മെഡിക്കൽ കമ്മീഷനിൽനിന്നുള്ള ഡോ. വേദവതി, ഡോ. വെങ്കിട്ട്, ഡോ. കാറ്റിമാരുതി എന്നിവരടങ്ങുന്ന മൂന്നംഗ സംഘം കഴിഞ്ഞ 14ന് മെഡിക്കൽ കോളജിൽ പരിശോധനയ്ക്ക് എത്തിയിരുന്നു. മെഡിക്കൽ കോളജിന്റെ പ്രവർത്തന പുരോഗതിയിൽ സംഘത്തിനുള്ള സംതൃപ്തിയാണ് ഇത്രവേഗം രണ്ടാമത്തെ ബാച്ചിന് അംഗീകാരം ലഭിക്കാൻ കാരണമായതെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. ഡി. മീന പറഞ്ഞു.
ഹോസ്റ്റൽ കെട്ടിടത്തിന്റെ നിർമാണജോലികൾ അവസാന ഘട്ടത്തിലാണ്. കമ്മീഷന്റെ പരിശോധനയ്ക്കു ശേഷം മാസങ്ങൾ കഴിഞ്ഞാണ് സാധാരണ അംഗീകാരം ലഭിക്കാറുള്ളത്. എന്നാൽ, ഇടുക്കി മെഡിക്കൽ കോളജിന്റെ കാര്യത്തിൽ അംഗീകാരത്തിന് കാലതാമസം വന്നില്ല. ആദ്യ ബാച്ച് രണ്ടാം വർഷത്തിലേക്ക് കടക്കുന്പോൾ പൂർത്തീകരിക്കേണ്ട കാര്യങ്ങൾ കമ്മീഷൻ അംഗങ്ങൾ നിർദേശിച്ചതനുസരിച്ച് പൂർത്തിയായിവരികയാണ്. ആശുപത്രിയുടെ പ്രവർത്തനം പുതിയ കെട്ടിടത്തിലേക്ക് മാറ്റുക, പതോളജി, മൈക്രോ ബയോളജി തുടങ്ങിയ മോഡുലാർ ലാബുകൾ പ്രവർത്തനസജ്ജമാക്കുക, ലക്ചർ ഹാൾ പൂർത്തീകരിക്കുക തുടങ്ങിയവയാണ് എൻഎംസി മുന്നോട്ടു വച്ചിരിക്കുന്ന പ്രധാന നിർദേശങ്ങൾ.
മെഡിക്കൽ വിദ്യാർഥികൾക്ക് വന്നുപോകുന്നതിന് ഒരു ബസാണ് ഇപ്പോഴുള്ളത്. മന്ത്രി റോഷി അഗസ്റ്റിൻ 26 ലക്ഷം രൂപകൂടി അനുവദിച്ചതിനെത്തുടർന്ന് വാങ്ങിയ പുതിയ സ്കൂൾ ബസ് നാളെയെത്തും.
ഇതോടെ ദേശീയ മെഡിക്കൽ കൗണ്‍സിൽ ചൂണ്ടിക്കാട്ടിയ അപാകതകൾ 90 ശതമാനവും പരിഹരിക്കപ്പെടുമെന്ന് മെഡിക്കൽ കോളജ് പ്രിൻസിപ്പൽ അറിയിച്ചു.