ആക്രമിച്ച മോഷ്ടാവിനെ പോലീസ് കീഴടക്കിയത് സാഹസികമായി
1533654
Sunday, March 16, 2025 11:50 PM IST
ഗാന്ധിനഗർ: ഗാന്ധിനഗർ സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ സുനു ഗോപിയെ കുത്തിപ്പരിക്കേൽപിച്ച പ്രതിയെ പോലീസ് സംഘം കീഴടക്കിയത് ഏറെ സാഹസപ്പെട്ട്. ഈ മാസം അഞ്ചിന് ചുങ്കം മള്ളൂശേരിയിൽ വീട്ടിൽ തനിച്ച് താമസിക്കുന്ന വീട്ടമ്മയെ വീടിനുള്ളിൽ കെട്ടിയിട്ട് മോഷണം നടത്തിയതിനുശേഷം ഒളിവിലായിരുന്ന പ്രതി അരുൺ ബാബു എസ്എച്ച് മൗണ്ട് വാട്ടർ ടാങ്കിന് സമീപത്തുണ്ടെന്ന് അറിഞ്ഞാണ് ഇന്നലെ വൈകുന്നേരം ഗാന്ധിനഗർ പോലീസ് സംഘം ഇവിടെയെത്തിയത്.
തുടർന്ന് അരുൺ ബാബുവിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ കൈയിലുണ്ടായിരുന്ന കത്തി ഉപയോഗിച്ച പോലീസുകാരനായ സുനു ഗോപിയെ കുത്തുകയായിരുന്നു.
ഗാന്ധിനഗർ എസ്ഐ അനുരാജിന്റെ നേതൃത്വത്തിലുണ്ടായിരുന്ന പോലീസുകാരുടെ ഏഴംഗ സംഘം പ്രതിയെ സാഹസികമായി പിടികൂടി. സുനുഗോപിയെ മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ചു. മുറിവിൽ പത്ത് സ്റ്റിച്ചുണ്ട് . സിടി സ്കാനിംഗിനും വിധേയനാക്കി. അപകടനില തരണം ചെയ്തിട്ടുണ്ട്.
ചുങ്കം മള്ളൂശേരിയിൽ കോയിത്തറ വീട്ടിൽ പരേതനായ ജോസിന്റെ ഭാര്യ സോമാ ജോസിനെ (65)യാണ് പ്രതി കെട്ടിയിട്ട് മൂന്ന് പവൻ സ്വർണവും രണ്ടായിരത്തോളം രൂപയും മോഷ്ടിച്ചത്.
സോമ തനിയെയാണ് താമസിക്കുന്നതെന്ന് അറിയാവുന്ന മോഷ്ടാവ് വീട്ടമ്മയെ കസേരയിൽ ഇരുത്തി കൈയിൽ സെല്ലോ ടേപ്പ് ഒട്ടിച്ച് ബന്ധിക്കുകയായിരുന്നു.
തുടർന്ന് ഇവരുടെ കഴുത്തിൽക്കിടന്ന മൂന്ന് പവൻ തൂക്കം വരുന്ന മാല പൊട്ടിച്ച് എടുത്തു. ഇതിനു ശേഷം വീട്ടിൽ സൂക്ഷിച്ചിരുന്ന പണവും മോഷ്ടിച്ചു. മോഷണവിവരം പുറത്തുപറഞ്ഞാൽ വീട്ടമ്മയെ കൊലപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയ ശേഷമാണ് പ്രതി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടത്.
പിറ്റേന്ന് രാവിലെ കെട്ട് സ്വയം അഴിച്ചാണ് സോമ ഗാന്ധിനഗർ പോലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത് .