ഉത്തമ വ്യക്തിത്വം ജീവിതത്തിന് കരുത്ത് പകരും: കിരണ്‍ ബേദി
1532981
Saturday, March 15, 2025 12:02 AM IST
കോട്ടയം: ഉത്തമമായ വ്യക്തിത്വവും നേതൃവൈഭവവും നേടുകയെന്നതാണ് വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനലക്ഷ്യമെന്ന് കിരണ്‍ ബേദി. നേതൃഗുണവും തിരിച്ചറിവും ആത്മവിശ്വാസവുമുള്ള യുവജനങ്ങളാണ് രാജ്യത്തിന്റെ കരുതല്‍. പുരുഷനും സ്ത്രീയും തികഞ്ഞ ആദരവോടെ വേര്‍തിരിവുകളില്ലാതെ സമൂഹത്തിനും രാജ്യത്തിനും വേണ്ടി പ്രവര്‍ത്തിക്കണം.
പ്രാര്‍ഥനയും ധ്യാനവും ആത്മീയവ്യക്തിത്വം നേടുന്നതില്‍ പ്രധാനമാണ്. സഹവര്‍ത്തിത്വവും സഹകരണവും സാമൂഹിക വ്യക്തിത്വം നേടുന്നതിനു സഹായിക്കുന്നു. വ്യക്തികളുടെ ആത്മീയവും ഭൗതികവുമായ ഈര്‍ജം ജീവിതപ്രയാണത്തിന് ആവശ്യമാണ്. സിഎംഎസ് കോളജില്‍ ബെഞ്ചമിന്‍ ബെയ്ലി അനുസ്മരണപ്രഭാഷണം നടത്തുകയായിരുന്നു അവർ.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ, മാധ്യമ പുരോഗതിയില്‍ ബെയ്ലിയുടെ സേവനം ഏറെ സ്തുത്യര്‍ഹമാണെന്നും ബേദി കൂട്ടിച്ചേര്‍ത്തു. കോളജ് മാനേജര്‍ ബിഷപ് റവ.ഡോ. മലയില്‍ സാബു കോശി ചെറിയാന്റെ അധ്യക്ഷതയില്‍ പ്രിന്‍സിപ്പല്‍ അഞ്ജു സൂസണ്‍ ജോര്‍ജ്, ഡോ. അലീന മനോഹരന്, വൈസ് പ്രിന്‍സിപ്പല്‍ ഡോ. റീനു ജേക്കബ്, ഫാ. ഏബ്രഹാം മുളമൂട്ടില്‍, ഡോ. ബാബു ചെറിയാന്, ഡോ. വിജോ തോമസ് കുര്യന് എന്നിവര്‍ പ്രസംഗിച്ചു.
കന്യാസ്ത്രീകളുടെ ശിക്ഷണത്തില്‍ അഭിമാനം: കിരണ്‍ ബേദി
കോട്ടയം: അമൃത്സറിലെ സേക്രഡ് ഹാര്‍ട്ട് സ്കൂളില്‍ അധ്യാപകരായിരുന്ന കന്യാസ്ത്രീകള്‍ തന്റെ വ്യക്തിത്വത്തെയും ബോധ്യങ്ങളെയും രൂപപ്പെടുത്തുന്നതില്‍ വലിയ പങ്കുവഹിച്ചതായി പ്രഥമ ഐപിഎസുകാരിയും മുന്‍ പോണ്ടിച്ചേരി ലഫ്. ഗവര്‍ണറുമായ കിരണ്‍ ബേദി. ജീവിതവിജയത്തിന് വിശ്വാസവും വിശുദ്ധിയും പ്രാര്‍ഥനയും അനിവാര്യമാണെന്ന് പഠിപ്പിച്ചത് സ്കൂളില്‍ സിസ്റ്റേഴ്സാണ്. കോട്ടയം സിഎംഎസ് കോളജില്‍ ബെഞ്ചമിന്‍ ബെയ്ലി പ്രഭാഷണത്തിന് ആമുഖമായി കിരണ്‍ ബേദി പറഞ്ഞു. തനിക്ക് കന്യാസ്ത്രീകളുടെ സാന്നിധ്യം എന്നും എല്ലായിടത്തും സന്തോഷം പകരുന്നതായും സദസില്‍ സിസ്റ്റേഴ്സ് ആരെങ്കിലും ഇരിപ്പുണ്ടോ എന്നും അവര്‍ തിരക്കി. കന്യാസ്ത്രീകളും മറ്റ് അധ്യാപകരും മാതാപിതാക്കളുമാണ് തനിക്ക് ജീവിതത്തിലെ വഴികാട്ടികള്‍.
മനുഷ്യത്വവും കരുണയുമാണ് ഏറ്റവും വലിയ പുണ്യമെന്നു പഠിച്ചിട്ടുണ്ട്. യുപിഎസ്സിയുടെ സിവില്‍ സര്‍വീസ് പരീക്ഷാ അപേക്ഷാ ഫോറത്തില്‍ മതം ഏത് എന്ന കോളം പൂരിപ്പിക്കേണ്ടിവന്നപ്പോള് ഏറെ സമയം ആലോചിച്ചു. പ്രാര്‍ഥനയ്ക്കും വിചിന്തനങ്ങള്‍ക്കും ശേഷം മതം എന്ന കോളത്തില്‍ മനുഷ്യത്വം എന്ന് എഴുതിവച്ചു. എന്താണ് ഇങ്ങനെ എഴുതിയതെന്നു സിവില്‍ സർവീസ് ഇന്റര്‍വ്യൂ ബോര്‍ഡ് ചോദിച്ചപ്പോള്‍ അതെന്റെ തിരിച്ചറിവും ബോധ്യവുമാണെന്നു മറുപടി നല്കി. സമൂഹത്തിനു മുന്നില്‍ ഒരു സഹായകയും സംരക്ഷകയുമായി നിലകൊള്ളാനാണ് ആഗ്രഹമെന്നും ഇന്റര്‍വ്യൂ ബോര്‍ഡില്‍ വെളിപ്പെടുത്തിതായി കിരണ്‍ ബേദി പറഞ്ഞു.