കടുത്തുരുത്തി വെള്ളാശേരിയില്‍ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കുത്തിത്തുറന്ന് മോഷണം
1532922
Friday, March 14, 2025 7:08 AM IST
കടുത്തുരുത്തി: കടുത്തുരുത്തി വെള്ളാശേരിയില്‍ ആള്‍ത്താമസമില്ലാതെ അടഞ്ഞുകിടന്ന സഹോരങ്ങളുടെ വീടുകള്‍ കുത്തിത്തുറന്ന് മോഷണം. അടുത്തടുത്തുള്ള വീടുകളിലാണ് മോഷണം നടന്നത്. രണ്ട് വീടുകളില്‍ കയറിയിട്ടും വിലപിടിപ്പുള്ള ഒന്നും കിട്ടാഞ്ഞതിനാല്‍ സമീപത്ത് ആള്‍ത്താമസമില്ലാത്ത മൂന്നാമത്തെ വീട്ടില്‍ കയറാതെ മോഷ്ടാക്കള്‍ മടങ്ങി.
വെള്ളാശേരി ചെന്നക്കുടി സി.ഒ. വര്‍ഗീസി(വര്‍ക്കിക്കുഞ്ഞ്)ന്റെ മക്കളായ ബിജു, ഫിലിപ്പ് എന്നിവരുടെ വീടുകളിലാണ് മോഷണം നടന്നത്. ഇവരുടെ സഹോദരനായ സമീപത്തെ സാജുവിന്റെ വീട്ടിലാണ് മോഷ്ടാക്കള്‍ കയറാതെ വിട്ടു കളഞ്ഞത്. മൂന്നുപേരും വിദേശത്തായതിനാല്‍ വീടുകള്‍ അടച്ചിട്ടിരിക്കുകയാണ്. സാജുവിന്റെ വീട്ടില്‍ സിസി ടിവി കാമറ സ്ഥാപിച്ചിട്ടുണ്ട്. മറ്റ് രണ്ട് വീടുകളില്‍ കാമറകള്‍ ഇല്ല.
വ്യാഴാഴ്ച പുലര്‍ച്ചെയാണ് മോഷണം നടന്നതെന്ന് കരുതുന്നു. റെയില്‍വേപാളത്തിന് സമീപത്താണ് വീടുകള്‍ സ്ഥിതി ചെയ്യുന്നത്. മുന്‍വശത്തെ തടിവാതിലുകളുടെ ലോക്കുള്ള ഭാഗം മഴുവോ കമ്പിയോ പോലുള്ള വസ്തു ഉപയോഗിച്ചു കുത്തിപ്പൊളിച്ചാണ് മോഷ്ടാക്കള്‍ അകത്ത് പ്രവേശിച്ചത്. രണ്ട് വീടുകളുടെയും വാതിലുകള്‍ ഇത്തരത്തില്‍ തകര്‍ത്തിട്ടുണ്ട്.
വീടിനുള്ളില്‍ കയറിയ മോഷ്ടാക്കള്‍ മുറികളിലെ അലമാരകള്‍ തുറന്ന് തുണികള്‍ ഉള്‍പ്പെടെ ഏല്ലാം വാരിവലിച്ചിട്ട നിലയിലാണ്. താക്കോല്‍ ഉണ്ടായിരുന്ന അലമാരകള്‍ക്ക് മറ്റു നാശമുണ്ടായിട്ടില്ലെങ്കിലും താക്കോല്‍ ഇല്ലാത്തവ കുത്തിപ്പൊളിച്ചതിനാല്‍ ഉപയോഗശൂന്യമായ നിലയിലാണ്.
ബുധനാഴ്ച പകല്‍ വര്‍ക്കിക്കുഞ്ഞ് (82) ഈ വീടുകളുടെ സമീപം വന്നിരുന്നു. ഇന്നലെയും സാധാരണപോലെ വീടുകള്‍ക്കു സമീപമെത്തിയപ്പോഴാണ് മോഷണം നടന്ന വിവരമറിയുന്നത്. തുടര്‍ന്ന് കടുത്തുരുത്തി പോലീസില്‍ വിവരമറിയിച്ചു. പോലീസ് സ്ഥലത്തെത്തി വിവരങ്ങള്‍ ശേഖരിച്ചു. വീട്ടുകാരുടെ പരാതിയില്‍ അന്വേഷണമാരംഭിച്ചതായി കടുത്തുരുത്തി എസ്എച്ച്ഒ ടി.എസ് റെനീഷ് അറിയിച്ചു.
സ്റ്റേഷന് പരിധിയില്‍ ആളില്ലാതെ പൂട്ടിക്കിടക്കുന്ന വീടുകളില്‍ ദിവസവും നടത്തുന്ന പട്രോളിംഗില്‍ ഈ വീടുകളെയും ഉള്‍പ്പെടുത്തി. ലോക്ക്ഡ് ഹൗസ് വിഭാഗത്തില്‍പ്പെടുത്തിയ സ്റ്റേഷന് പരിധിയിലെ വീടുകളില്‍ ദിവസവും രാത്രി പട്രോളിംഗ് പോലീസ് സംഘമെത്തി ഇവിടെ വച്ചിരിക്കുന്ന ബുക്കില്‍ ഒപ്പിടാറുണ്ട്..
കഴിഞ്ഞമാസം കുറുപ്പന്തറയിലും കോതനല്ലൂരും മോഷണം നടന്നത് സമാനരീതിയില്‍
കടുത്തുരുത്തി: കഴിഞ്ഞമാസം ഒമ്പതിനാണ് സമാനരീതിയില്‍ കുറുപ്പന്തറ, കോതനല്ലൂര്‍ പ്രദേശങ്ങളില്‍ ആറ് വീടുകളില്‍ മോഷണം നടന്നത്. കോതനല്ലൂരിനും മുട്ടുചിറയ്ക്കും ഇടയിലുള്ള റെയില്‍വേ ലൈനിനോട് ചേര്‍ന്നിരിക്കുന്ന വീടുകളിലാണ് അന്നും മോഷണം നടന്നത്. എല്ലായിടത്തെയും മോഷണരീതി സമാനമായിരുന്നു. ഒരേ സംഘംതന്നെയാണ് മോഷണത്തിന് പിന്നിലെന്നാണ് പോലീസ് കരുതുന്നത്.
കുറുപ്പന്തറ-മുട്ടുചിറ റോഡിലുള്ള റെയില്‍വേ മേല്‍പ്പാലത്തിനു സമീപമുള്ള നമ്പ്യാമഠത്തില്‍ ചാക്കോച്ചന്, ആക്കാപ്പറമ്പില്‍ സാബു, മറ്റത്തില്‍ ജോയി, മാഞ്ഞൂര്‍ റെയില്‍വേ മേല്‍പ്പാലത്തിനു സമീപം താമസിക്കുന്ന ഐ സ്പെഷലിസ്റ്റ് നാരായണീയം(പ്രശാന്തി) വീട്ടില്‍ ഡോ. ഷീലാകുമാരി, കോതനല്ലൂര്‍ റെയില്‍വേ ഗേറ്റിനു സമീപം പറപ്പള്ളില്‍ മേരി ലൂക്കോസ്, കണ്ണീറ്റുമ്യാലീല് ത്രേസ്യാമ്മ എന്നിവരുടെ വീടുകളിലാണ് കഴിഞ്ഞമാസം മോഷണം നടന്നത്.
പുലര്‍ച്ചെ മൂന്നിന് മാഞ്ഞൂര്‍ ശ്രീവിലാസത്തില്‍ ശ്രീകുമാറിന്റെ വീട്ടിലെത്തിയ മോഷ്ടാക്കള്‍ ജനല്‍ പാളിയുടെ വിടവിലൂടെ മുറിക്കകത്തേക്ക് ലൈറ്റടിച്ചതോടെ വീട്ടുകാര്‍ എഴുന്നേറ്റ് ബഹളം വച്ചതിനാല്‍ കവര്‍ച്ചാസംഘം കടന്നുകളയുകയായിരുന്നു. ആറു വീടുകളിലായി നിരവധി വാതിലുകള്‍ക്കും അലമാരകള്‍ക്കും മേശകള്‍ക്കും കേടുവരുത്തിയ ശേഷമാണ് മോഷ്ടാക്കള്‍ പോയത്.
കടുത്തുരുത്തി പോലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിയിരുന്നു. റെയില്‍വേ പാളത്തിലൂടെയാണ് ഇവിടെയും മോഷ്ടാക്കള്‍ വന്നുപോയതെന്നാണ് കരുതുന്നത്. റെയില്‍വേ ലൈനു സമീപമുള്ള വീടുകളില്‍ മോഷണം നടത്തിയതിനു പിന്നില്‍ ഒന്നിലധികംപേര്‍ ഉള്‍പ്പെട്ടിട്ടുണ്ടാകാമെന്നാണ് പോലീസും കരുതുന്നത്. ഇടവേളയ്ക്കു ശേഷം വീണ്ടും മോഷണം തുടങ്ങിയത് നാട്ടുകാരെ ആശങ്കയിലാക്കിയിട്ടുണ്ട്.