കത്തോലിക്ക കോൺഗ്രസ് മാർച്ചിൽ ആയിരങ്ങൾ അണിചേരും
1513833
Thursday, February 13, 2025 11:51 PM IST
ചങ്ങനാശേരി: നീതി നിഷേധങ്ങള്‍ക്കും അവകാശ ലംഘനങ്ങള്‍ക്കുമെതിരേ കത്തോലിക്കാ കോണ്‍ഗ്രസ് ചങ്ങനാശേരി അതിരൂപത സമിതി അതിരൂപതയിലെ വിവിധ സംഘടനകളുടെ സഹകരണത്തോടെ നാളെ കര്‍ഷകരക്ഷാ നസ്രാണി മുന്നേറ്റ ലോംഗ് മാര്‍ച്ചും അവകാശ പ്രഖ്യാപന റാലിയും നടത്തും. രാവിലെ ഒമ്പതിന് മങ്കൊമ്പ് ഡോ.എം.എസ്. സ്വാമിനാഥന് നഗറില്‍നിന്നു ലോംഗ് മാര്‍ച്ച് ആരംഭിക്കും. അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട് ഫ്ളാഗ് ഓഫ് ചെയ്യും. അതിരൂപത പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ പതാക ഏറ്റുവാങ്ങും.
പള്ളിക്കൂട്ടുമ്മ, രാമങ്കരി, മാമ്പുഴക്കരി, കിടങ്ങറ തുടങ്ങിയ കേന്ദ്രങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങുന്ന ലോംഗ് മാര്‍ച്ച് എസി റോഡിലൂടെ 16 കിലോമീറ്റര്‍ കടന്ന് പെരുന്നയില്‍ എത്തിച്ചേരും. വിവിധ ഫൊറോനകളിലെ പ്രതിനിധികള്‍ മാര്‍ച്ചില്‍ അണിനിരക്കും.
റാലിയും മഹാസംഗമവും
കേന്ദ്ര-സംസ്ഥാന
സര്‍ക്കാരുകള്‍ക്ക് താക്കീതാകും
3.15ന് പെരുന്നയിലെ സി.എഫ്. തോമസ് സ്ക്വയറില്‍നിന്നും എസ്ബി കോളജ് മൈതാനത്തേക്ക് അവകാശ സംരക്ഷണ റാലി ചരിത്രനഗരമായ ചങ്ങനാശേരിക്ക് പുത്തന്‍ ചരിത്രമാകും. വികാരിജനറാള്‍ മോണ്‍. മാത്യു ചങ്ങങ്കരി ഉദ്ഘാടനം ചെയ്യും. കുടുംബകൂട്ടായ്മാ കണ്‍വീനര്‍ ഫാ. ജോര്‍ജ് മാന്തുരുത്തില്‍ ആമുഖപ്രസംഗം നടത്തും. 18 ഫൊറോനകളില്‍ നിന്നുള്ള കാല്‍ലക്ഷത്തോളം അംഗങ്ങള്‍ റാലിയില്‍ പങ്കെടുക്കും.
റാലി കോളജ് മൈതാനത്ത് എത്തിയശേഷം കോളജിന്റെ ചരിത്രപ്രസിദ്ധമായ ക്രിസ്തുരാജന്റെ ടവറിനു ചുവട്ടില്‍ പ്രത്യേകം സജ്ജമാക്കുന്ന മാര്‍ ജോസഫ് പവ്വത്തില്‍ നഗറില്‍ ആരംഭിക്കുന്ന അവകാശപ്രഖ്യാപന സമ്മേളനം ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ ഉദ്ഘാടനം ചെയ്യും.
ആര്‍ച്ച്ബിഷപ് എമിരറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം അനുഗ്രഹ പ്രഭാഷണം നടത്തും. അതിരൂപത ഡയറക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല ആമുഖപ്രഭാഷണം നടത്തും. പ്രസിഡന്റ് ബിജു സെബാസ്റ്റ്യന്‍ അധ്യക്ഷത വഹിക്കും.
അതിരൂപത വികാരിജനറാള്‍ മോണ്‍. ആന്റണി എത്തയ്ക്കാട്ട്, ഗ്ലോബല്‍ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പില്‍, ഗ്ലോബല്‍ ഡയറക്ടര്‍ ഫാ. ഫിലിപ്പ് കവിയില്‍, ജോബ് മൈക്കിള്‍ എംഎല്‍എ, അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ഡോ. രേഖ മാത്യൂസ്, അതിരൂപത പിആര്‍ഒ അഡ്വ. ജോജി ചിറയില്‍, ജനറല്‍സെക്രട്ടറി ബിനു ഡൊമനിക്, രാജേഷ് ജോണ്‍, ജിനോ ജോസഫ്, പി.പി. ജോസഫ്, സണ്ണി ഇടിമണ്ണിക്കല്‍ തുടങ്ങിയവര്‍ പ്രസംഗിക്കും. വിവിധ സംഘടനാപ്രതിനിധികള്‍ പ്രമേയങ്ങള്‍ അവതരിപ്പിക്കും.
പാർക്കിംഗ് ക്രമീകരണം
കോട്ടയം റൂട്ടില്‍നിന്നു വരുന്ന വാഹനങ്ങള്‍ എംസി റോഡിലൂടെ വന്നു പെരുന്ന ജംഗ്ഷനില്‍ ആളെ ഇറക്കി വലിയ വാഹനങ്ങള്‍ ളായിക്കാട് മേരി റാണി സ്കൂളിലും ചെറിയ വാഹനങ്ങള്‍ പുഴവാത് റോഡിലൂടെ പ്രവേശിച്ചു മാര്‍ക്കറ്റ് പരിസരം, കത്തീഡ്രല്‍പള്ളി മൈതാനം, എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
ആലപ്പുഴ റോഡില്‍നിന്നും വരുന്ന വലിയ വാഹനങ്ങള്‍ എസി റോഡില്‍ അവരവര്‍ക്കായി നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ ആളെ ഇറക്കി പെരുന്ന ജംഗ്ഷനിലൂടെ എസ്ബി ഹൈസ്കൂള്‍ എകെഎം സ്കൂള്‍, എസ്എച്ച് സ്കൂള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യാം.
വാഴൂര്‍ റോഡിലൂടെ വരുന്ന വാഹനങ്ങള്‍ റെയില്‍വേ ബൈപ്പാസ് റോഡിലൂടെ മുന്നോട്ട് പോയി എംസി റോഡില്‍ ളായിക്കാട് സിഗ്നലിന് സമീപം ആളുകളെ ഇറക്കിയശേഷം ളായിക്കാട് പള്ളി മൈതാനം, മേരി റാണി സ്കൂള്‍, എസ്എച്ച് സ്കൂള്‍ എന്നിവിടങ്ങളില്‍ പാര്‍ക്ക് ചെയ്യണം.
എസ്ബി ഹൈസ്കൂള്‍, സെന്റ് ആന്‍സ് സ്കൂള്‍, പാലാത്തറച്ചിറയ്ക്കും റെയില്‍വേക്കും ഇടയില്‍ ബൈപാസ് റോഡിനോട് ചേര്‍ന്നുള്ള പാര്‍ക്കിംഗ് സംവിധാനം ഉപയോഗിക്കാം.
തിരുവല്ല ഭാഗത്തുനിന്നും വരുന്ന വാഹനങ്ങള്‍ ളായിക്കാട് സിഗ്നലിനുസമീപം ആളെ ഇറക്കി എസ്ബി ഹൈസ്കൂളിലോ സെന്റ്് ആന്‍സ് സ്കൂളിലെ പാര്‍ക്ക് ചെയ്യണം.
അവകാശ പ്രഖ്യാപന മഹാസമ്മേളനത്തിനുശേഷം വാഹനങ്ങള്‍ എസ്ബി കോളജിന്റെ മൂന്നു പ്രധാന കവാടങ്ങളില്‍നിന്ന് ആളുകളെ കയറ്റി ലക്ഷ്യസ്ഥാനത്തേക്ക് പുറപ്പെടാം. ചങ്ങനാശേരിയില്‍നിന്നു കോട്ടയത്തേക്കു പോകുമ്പോള്‍ കോളജിന്റെ ആദ്യം കാണുന്നത് ഒന്നാം നമ്പര്‍ ഗേറ്റും തുടർന്നുള്ളതു രണ്ടും മൂന്നും ഗേറ്റുകളുമായിരിക്കും.