ചെറുവള്ളി എസ്റ്റേറ്റ് അവകാശത്തര്‍ക്കം: വിസ്താരം ഇന്നു തുടങ്ങും
1508113
Friday, January 24, 2025 11:36 PM IST
കോട്ടയം: ശബരി എയര്‍പോര്‍ട്ട് നിര്‍മാണത്തിനു ചെറുവള്ളി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനു മുന്നോടിയായി എസ്റ്റേറ്റിന്റെ ഉടമസ്ഥതാവകാശം സംബന്ധിച്ച തര്‍ക്കം സംബന്ധിച്ച കേസുകളുടെ വാദം ഇന്നു പാലാ കോടതിയില്‍ ആരംഭിക്കും.
2263 ഏക്കര്‍ എസ്റ്റേറ്റിന്റെ നിലവിലെ കൈവശക്കാരായ തിരുവല്ല ബിലീവേഴ്സ് ചര്‍ച്ചിനു കീഴിലുള്ള അയന ചാരിറ്റബിള്‍ ട്രസ്റ്റും ഈ തോട്ടം ബിലീവേഴ്സ് ചര്‍ച്ചിന് വിറ്റ ഹാരിസണ്‍ പ്ലാന്റേഷന് കമ്പനിയുമാണ് ഇന്നു കോടതിയിലെത്തുക.
എതിര് കക്ഷിയായി സംസ്ഥാന സര്‍ക്കാരിനുവേണ്ടി കോട്ടയം ജില്ലാ കളക്ടര്‍ ഫയല്‍ ചെയ്ത കേസില്‍ അസിസ്റ്റന്റ് കളക്ടര്‍ കോടതിയില്‍ ഹാജരാകും. അഡ്വ. സജി കൊടുവത്താണ് സീനിയര്‍ ഗവ. പ്ലീഡറായി സര്‍ക്കാരിനുവേണ്ടി വാദിക്കുന്നത്.
തോട്ടത്തിന്റെ പാട്ടക്കരാര്‍ കാലാവധി കഴിഞ്ഞുവെന്നതിന് തെളിവ് ഹാജരാക്കണമെന്നാണ് അയന ട്രസ്റ്റിന്റെ നിലപാട്. ഇതിനായി അയന ട്രസ്റ്റ് പെറ്റീഷന് സ്യൂട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. കോടതി ഇത്തരത്തില്‍ തെളിവും പ്രമാണങ്ങളും ആവശ്യപ്പെട്ടാല്‍ സര്‍ക്കാരിനുവേണ്ടി അത് ഹാജരാക്കിയശേഷം അതിന്റെ നിജസ്ഥിതി വ്യക്തമായ ശേഷമായിരിക്കും വാദം തുടങ്ങുക.
ഹാരിസണ്‍ മലയാളം കമ്പനി 2005ല്‍ ബിലീവേഴ്സ് ചര്‍ച്ചിന് സ്ഥലം വിറ്റതിന്റെ ആധാരവും എരുമേലി സബ് രജിസ്ട്രാര്‍ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത നാലു വര്‍ഷം കരം അടച്ചതിന്റെ കോപ്പിയും ഹാജരാക്കും. അവകാശത്തര്‍ക്കം വന്നതോടെ സര്‍ക്കാര്‍ കരം സ്വീകരിച്ചില്ല. ഒരു വ്യക്തിയോ ട്രസ്റ്റോ സ്വത്തിന് കരം അടയ്ക്കുന്നത് ഉടമസ്ഥാവകാശത്തിന് തെളിവല്ലെന്ന മുന്‍ മേല്‍ക്കോടതി വിധികള്‍ സര്‍ക്കാര്‍ ഉയര്‍ത്തിയേക്കാം.
വിദേശ കമ്പനികള്‍ക്ക് ഇന്ത്യയില്‍ തോട്ടങ്ങള്‍ കൈവശം വയ്ക്കാന്‍ നിയമാവകാശമില്ലെന്നും ബ്രിട്ടീഷ്കാര് പോയതോടെ അവരുടെ സ്വത്തുക്കള്‍ ഇന്ത്യാ ഗവണ്മെന്റിന് അവകാശപ്പെട്ടതാണെന്നുമുള്ള നിലപാടും രാജമാണിക്യം കമ്മിറ്റി റിപ്പോര്‍ട്ടുമാണ് സര്‍ക്കാര്‍ ഉയര്‍ത്തുന്നത്. എന്നാല്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന് ഇപ്പോഴും എരുമേലി തെക്ക്, എരുമേലി വടക്ക് വില്ലേജുകളിലായി ആയിരം ഏക്കര്‍ മുണ്ടക്കയം എസ്റ്റേറ്റിന്റെ ഉമകളാണ്. ഇവരുടെ നിലപാടും കൈവശരേഖകളും നിലനില്‍ക്കുന്നതാണെന്നും ചെറുവള്ളി എസ്റ്റേറ്റിനും ഇത് ബാധകമാണെന്ന നിലപാട് അയന ട്രസ്റ്റ് ഉയര്‍ത്തിയേക്കാം.