പതിമുഖത്തിന് ഡിമാന്‍ഡ് വര്‍ധിച്ചു
1485540
Monday, December 9, 2024 5:09 AM IST
കോട്ടയം: പതിമുഖത്തിന് ഡിമാന്‍ഡ് വര്‍ധിച്ചു. ഭക്ഷ്യസുരക്ഷാ വകുപ്പു ഭക്ഷണപാനീയങ്ങളില്‍ ചേര്‍ക്കുന്ന നിറം പ്രകൃതിദത്തമാകണമെന്ന നിയമം കര്‍ശനമാക്കിയതോടെ വിലയിടിവ് നേരിട്ടിരുന്ന പതിമുഖത്തിന് ആവശ്യക്കാര്‍ ഏറി.
സംസ്ഥാനത്ത് പലയിടങ്ങളിലും വര്‍ഷങ്ങള്‍ക്ക് മുന്‍പ് വ്യാപകമായി പതിമുഖം കൃഷി ചെയ്തിരുന്നു. അക്കാലത്ത് കിലോഗ്രാമിനു 150 രൂപ വിലയുണ്ടായിരുന്നു. എന്നാല്‍ പ്രകൃതിദത്തമല്ലാത്ത നിറങ്ങള്‍ വിപണിയില്‍ എത്തിയതോടെ പതിമൂഖം വാങ്ങാന്‍ ആളില്ലാതായി.
ഭക്ഷ്യസുരക്ഷാ നിയമം കര്‍ശനമായതോടെ വീണ്ടും വില ഉയര്‍ന്നിരിക്കുകയാണ്. നിലവില്‍ ഒരു കിലോഗ്രാമിന് 200 രൂപയാണ് വില. പാലക്കാടാണ് വിപണി. നിരവധി ആളുകള്‍ പതിമുഖം നട്ടുവളര്‍ത്തിയിരുന്നുവെങ്കിലും വിപണി ഇല്ലാത്തതിനെ തുടര്‍ന്ന് വെട്ടിക്കളഞ്ഞിരുന്നു.
പ്രകൃതിദത്ത നിറങ്ങൾ മാത്രമേ ഭക്ഷണപാനീയങ്ങളില്‍ ഉപയോഗിക്കാവൂവെന്ന നിയമം കര്‍ശനമാക്കിയത് കര്‍ഷകര്‍ക്കു ഗുണകരമായെന്ന് ഭക്ഷ്യ ഉപദേശക വിജിലന്‍സ് സമിതി അംഗം എബി ഐപ്പ് പറഞ്ഞു.