കടനാട് മികച്ച കുടുംബാരോഗ്യകേന്ദ്രം
1575190
Sunday, July 13, 2025 2:48 AM IST
കടനാട്: ജില്ലാതലത്തിലെ മികച്ച കുടുംബാരോഗ്യകേന്ദ്രമായി കടനാട് കുടുംബാരോഗ്യകേന്ദ്രം തെരഞ്ഞെടുക്കപ്പെട്ടു. 2024-25 വര്‍ഷത്തെ ആരോഗ്യവകുപ്പിന്റെ സംസ്ഥാന കായകൽപ് അവാര്‍ഡിന്റെ ഭാഗമായാണിത്. 94.2 ശതമാനം മാര്‍ക്ക് നേടിയാണ് ഈ ആരോഗ്യസ്ഥാപനം രണ്ടു ലക്ഷം രൂപയുടെ അവാര്‍ഡ് കരസ്ഥമാക്കിയത്.
ശുചിത്വം, മാലിന്യപരിപാലനം, അണുബാധ നിയന്ത്രണം തുടങ്ങിയ മേഖലകളില്‍ പുലര്‍ത്തിയ ഉയര്‍ന്ന നിലവാരമാണ് കായകൽപ് അവാര്‍ഡിന് കടനാട് കുടുംബാരോഗ്യകേന്ദ്രത്തെ അര്‍ഹമാക്കിയത്.
കടനാട് പഞ്ചായത്ത് ഭരസമിതിയുടെ നേതൃത്വവും പിന്തുണയും ആശുപത്രി മാനേജ്മെന്റ് കമ്മിറ്റിയുടെ നിര്‍ലോഭമായ സഹകരണവും മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. ബ്രിജിറ്റ് ജോണ്‍, ഡോ. പ്രീനു സൂസന് ചാക്കോ, മുന്‍ മെഡിക്കല്‍ ഓഫീസര്‍മാരായ ഡോ. വിവേക് പുളിക്കല്‍, ഡോ. വിജീഷ വിജയന് എന്നിവരുടെ നേതൃത്വത്തില്‍ ആശുപത്രിയിലെ ജീവനക്കാരുടെ ഏകോപിതമായ പരിശ്രമവുമാണ് കുടുംബാരോഗ്യകേന്ദ്രത്തിന് വലിയ നേട്ടം കൈവരിക്കാന്‍ സാധിച്ചതെന്ന് കടനാട് പഞ്ചായത്ത് പ്രസിഡന്റ് ജിജി തമ്പി പറഞ്ഞു.