ബഹിഷ്കരിക്കുമെന്ന് കോൺഗ്രസ്
1575149
Saturday, July 12, 2025 7:08 AM IST
ഏറ്റുമാനൂർ: ഏറ്റുമാനൂർ സിവിൽ സ്റ്റേഷന്റെ നിർമാണോദ്ഘാടന പരിപാടിയിൽനിന്ന് കോൺഗ്രസ് വിട്ടുനിൽക്കും. ഉദ്ഘാടന സമ്മേളനത്തിന്റെ കാര്യപരിപാടിയിൽ മറ്റെല്ലാ രാഷ്ട്രീയ പാർട്ടികളുടെയും ഔദ്യോഗിക ഭാരവാഹികളെ പ്രാസംഗികരായി നിശ്ചയിച്ചപ്പോൾ ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ഔദ്യോഗിക പ്രതിനിധികളെ ഉൾപ്പെടുത്താത്തതിൽ പ്രതിഷേധിച്ചാണ് ബഹിഷ്കരണം.
ഏറ്റുമാനൂർ നിയോജക മണ്ഡലത്തിൽ നടക്കുന്ന ഔദ്യോഗിക പരിപാടികളിൽ കുറെക്കാലമായി കോൺഗ്രസ് പാർട്ടിയെ മാറ്റി നിർത്താൻ മനഃപൂർവമായ ശ്രമം നടക്കുന്നുവെന്നും മുമ്പു നടന്ന പരിപാടികളിലും സമാനമായ സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു. മന്ത്രി വി.എൻ. വാസവനും അദ്ദേഹത്തിന്റെ ഓഫീസുമാണ് ഇതിന്റെ പിന്നിലെന്ന് അവർ ആരോപിച്ചു.
ജനങ്ങളുടെ നികുതിപ്പണം കൊണ്ടു നടത്തുന്ന പരിപാടികൾ പൂർണമായും രാഷ്ട്രീയവത്കരിക്കുന്ന സിപിഎം നിലപാട് കോൺഗ്രസ് പാർട്ടി അംഗീകരിക്കില്ല. പരിപാടിയിൽ കോൺഗ്രസ് പ്രതിനിധികളാരും പങ്കെടുക്കരുതെന്ന് ഡിസിസി പ്രസിഡന്റ് കർശന നിർദേശം നൽകിയതായി ഡിസിസി ജനറൽ സെക്രട്ടറി എം. മുരളി, ബ്ലോക്ക് പ്രസിഡന്റുമാരായ ജോറോയി പൊന്നാറ്റിൽ, സോബിൻ തെക്കേടം എന്നിവർ പറഞ്ഞു.