ഏഴാച്ചേരി റൂട്ടില്‍ യാത്രാക്ലേശം
1575183
Sunday, July 13, 2025 2:48 AM IST
പാലാ: ഏഴാച്ചേരി വഴിയുള്ള പ്രധാന സര്‍വീസുകളൊക്കെ കെഎസ്ആര്‍ടിസി നിര്‍ത്തലാക്കിയിട്ടും ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. സ്കൂളുകളും കോളജുകളും തുറന്നതോടെ ഈ റൂട്ടിലെ യാത്രാക്ലേശം വര്‍ധിച്ചിട്ടുണ്ട്. ഏതാനും സ്വകാര്യ ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ടെങ്കിലും അത് യാത്രാക്ലേശത്തിന് പരിഹാരമല്ലെന്ന് യാത്രാക്കാര്‍ പറയുന്നു. ഇടസമയങ്ങളില്‍ ബസ് സര്‍വീസില്ല.
മുമ്പ് ഏഴാച്ചേരി വഴി രാവിലെ 7.15, 8.30, 9.20നും പാലായില്‍നിന്ന് രാമപുരത്തേക്കും തിരിച്ചും കെഎസ്ആര്‍ടിസി സര്‍വീസുണ്ടായിരുന്നു. കൂടാതെ രാവിലെ 11.50നും വൈകുന്നേരം മൂന്നിനും രാത്രി 9.20ന് സ്റ്റേ സര്‍വീസും ഉണ്ടായിരുന്നത് കോവിഡിന്റെ കാലഘട്ടത്തില്‍ നിര്‍ത്തലാക്കി.
സര്‍വീസ് പുനരാരംഭിക്കണമെന്ന് യാത്രക്കാര്‍ മുറവിളി കൂട്ടിയെങ്കിലും അധികാരികളാരും ഗൗനിച്ചില്ല. പേരിന് രണ്ട് സര്‍വീസുകള്‍ മാത്രം നടത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടുകയാണ് കെഎസ്ആര്‍ടിസി പാലാ ഡിപ്പോ അധികാരികള്‍.