അപകടം പതിയിരിക്കുന്ന വത്തിക്കാൻതോട്
1575152
Saturday, July 12, 2025 7:08 AM IST
സൗത്ത് പാമ്പാടി: വത്തിക്കാൻ തോട്ടിൽ കുളിക്കാനും വെള്ളത്തില്‍ ചാടാനുമായി സംഘം ചേര്‍ന്നെത്തുന്ന കുട്ടികള്‍ അപകടം ക്ഷണിച്ചുവരുത്തുന്നു. വെള്ളത്തിൽ ചാടുന്നവരിൽ ഏറെയും നീന്തല്‍ അറിയാത്തവരാണ്. ഒരാഴ്ച മുന്‍പ് ജൂണിയര്‍ ബസേലിയോസ് സ്കൂളിനു മുന്നിലുള്ള തെന്നാം പാറയില്‍ തെന്നി താഴേക്ക് ഇറങ്ങിയ കുട്ടി തിരിച്ച് അതുവഴിതന്നെ മുകളിലേക്ക് കയറവേ മുഖം ഇടിച്ച് പാറയില്‍ വീണ് പല്ലൊടിഞ്ഞിരുന്നു.
ഇതിനു പിന്നാലെയാണ് കഴിഞ്ഞദിവസം ഞാവല്‍ പഴം ആണെന്ന് കരുതി തോട്ടരികിലെ ചേരിന്റെ കായ തിന്ന കുട്ടി ശരീരം ചൊറിഞ്ഞു തടിച്ച്, നാക്ക് പൊട്ടി, മുഖം നീരുവച്ച് പാമ്പാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടിയത്. കുളിക്കടവുകളില്‍ എത്തുന്ന ചില കുട്ടികളുടെ കൂട്ടുകെട്ടും ശരിയല്ലെന്ന് പാമ്പാടി പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റും ജൂണിയര്‍ ബസേലിയോസ് സ്കൂള്‍ മാനേജരുമായ സിജു കെ. ഐസക്ക് പറഞ്ഞു.